മലപ്പുറത്ത് തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം: കോട്ടപ്പടിയില്‍ ഇന്നലെ വൈകീട്ട്് ഹാര്‍ഡ്‌വെയര്‍ കട തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചു. തൊട്ടടുത്ത സാനിറ്ററി കടയ്ക്കും മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖയ്ക്കും നേരിയ തോതില്‍ തീപിടുത്തമുണ്ടായി. പുകയുയരാന്‍ തുടങ്ങിയപ്പോഴേക്കും ബാങ്കിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വൈകീട്ട് മൂന്നേമുക്കാലോടെയാണ് മലപ്പുറം തിരൂര്‍ റോഡിലെ മലപ്പുറം ഡ്രെയ്ഡ്‌ലിങ്ക്‌സ് എന്ന കടയ്ക്ക് തീപിടിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സമയോചിതമായി ഇടപെട്ടതിനാലാണ് തീ പടര്‍ന്നു പിടിക്കുന്നത് തടയാനായത്. രണ്ടുമണിക്കൂര്‍ സമയമെടുത്താണ് തീ അണച്ചത്. കടയിലെ ഷോട്ട് സെര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

കടയില്‍ സൂക്ഷിച്ചിരുന്ന പെയ്ന്റ് തിന്നര്‍ എന്നിവ കത്തിയതോടെ അന്തരീക്ഷത്തില്‍ മുഴുവന്‍ കടുത്ത തീയും പുകയും പടര്‍ന്നു. മുകളിലെ നിലയിലെ ബാങ്കിലെ മൂന്ന് കമ്പ്യൂട്ടറുകളും നാല് എയര്‍കണ്ടീഷണറുകളും കത്തി നശിച്ചു.

മലപ്പുറം ,പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ ഫയര്‍ഫഓഴ്‌സ് യൂണിറ്റുകളെത്തിയാണ് ആറരയോടെ തീ അണച്ചത്.