മലപ്പുറത്തെ പുതിയ മുനിസപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും കരട്‌ വാര്‍ഡ്‌ വിഭജനം പരാതികള്‍ സ്വീകരിക്കുന്നു

മലപ്പുറം : ജില്ലയിലെ 39 തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട്‌ വാര്‍ഡ്‌ വിഭജന വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇതില്‍ നഗരസഭയായി ഉയര്‍ത്തുന്ന താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി എന്നിവയും മറ്റ്‌ ഗ്രാമപഞ്ചായത്തുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുതുതായി രൂപവത്‌ക്കരിക്കുന്ന പാങ്ങ്‌, അരക്കുപറമ്പ്‌, അനന്താവൂര്‍, കൂട്ടായി, വെളിമുക്ക്‌, ചെമ്പ്രശ്ശേരി, വാണിയമ്പലം, കരിപ്പൂര്‍, എളങ്കൂര്‍, അരിയല്ലൂര്‍, കുറുമ്പലങ്ങോട്‌, മരുത എന്നിവയുടെയും കരട്‌ വാര്‍ഡ്‌ വിഭജന നിര്‍ദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്‌.
കരട്‌ വാര്‍ഡ്‌ വിഭജന വിജ്ഞാപനത്തിന്റെ പകര്‍പ്പും അനുബന്ധങ്ങളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ്‌ ഓഫീസുകളിലും റേഷന്‍ കടകളിലും പ്രധാനപ്പെട്ട വായനശാലകളിലും പരിശോധനയ്‌ക്ക്‌ ലഭിക്കും. കൂടാതെ പൊതുജനങ്ങള്‍ക്ക്‌ ആവശ്യമെങ്കില്‍ ഫോട്ടോകോപ്പിക്കുള്ള നിരക്ക്‌ നല്‍കിയാല്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍ നിന്നും പകര്‍പ്പുകള്‍ ലഭിക്കും. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയ പഞ്ചായത്തുകളുടെ നിയോജക മണ്‌ഡലങ്ങളുടെ കരട്‌ വിഭജന നിര്‍ദേശങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ നേരിട്ടോ രജിസ്റ്റര്‍ ചെയ്‌ത തപാല്‍ മുഖേനെയോ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ജില്ലാ കലക്‌ടര്‍ക്കോ ജൂണ്‍ 15 ന്‌ വൈകീട്ട്‌ അഞ്ചിനകം നല്‍കണം.

നിശ്ചിത സമയപരിധിയ്‌ക്ക്‌ ശേഷം ലഭിക്കുന്ന പരാതികളോ അഭിപ്രായങ്ങളോ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.