മലപ്പുറം വേറിട്ട ‘വികസന സംസ്‌കാരം’ സൃഷ്‌ടിച്ചു – മന്ത്രി കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജില്ലാ പഞ്ചായത്തും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണ കാര്യാലയവും ചേര്‍ന്ന്‌ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മലപ്പുറത്ത്‌ വേറിട്ട വികസന സംസ്‌കാരം രൂപപ്പെടുത്തിയതായി ഐ.ടി.- വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നവീകരിച്ച ജില്ലാ പഞ്ചായത്ത്‌ ഭവന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്‌ ഏറ്റവും ദ്രുതഗതിയില്‍ വികസനം നടക്കുന്ന മേഖല മലപ്പുറമാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇവിടെ പൊതുസമൂഹത്തില്‍ നിന്നു കിട്ടുന്ന പിന്തുണ ഉദ്യോഗസ്ഥര്‍ എടുത്തു പറയാറുള്ളതാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ അധ്യക്ഷയായി.
പരമ്പരാഗത വൈദ്യുതിക്കു പകരം ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സിലേക്ക്‌ മാറുന്നതിന്റെ ഭാഗമായി സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്‌ഘാടനം ടൂറിസം- പിന്നാക്കക്ഷേമ വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. പരിഷ്‌ക്കരിച്ച ബോര്‍ഡ്‌ മീറ്റിങ്‌ ഹാള്‍, 400 പേര്‍ക്കിരിക്കാവുന്ന സമ്മേളന ഹാള്‍, മിനി സമ്മേളന ഹാള്‍, പ്രവേശന കവാടം എന്നിവയുടെ ഉദ്‌ഘാടനം യഥാക്രമം എം.എല്‍.എ.മാരായ എം. ഉമ്മര്‍, അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി, എന്‍. ഷംസുദ്ദീന്‍, പി.കെ. ബഷീര്‍ എന്നിവര്‍ നിര്‍വഹിച്ചു. ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, മുന്‍ പ്രസിഡന്റുമാരായ അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍, അഡ്വ. കെ.പി. മറിയുമ്മ, സ്ഥിരംസമിതി അധ്യക്ഷരായ വി. സുധാകരന്‍, കെ.പി. ജല്‍സീമിയ, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, എ.കെ. അബ്‌ദുറഹ്‌മാന്‍, വി.എം. ഷൗക്കത്ത്‌, സലീം കുരുവമ്പലം, എം.എ. റസാഖ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ എം. അബ്‌ദുല്ലക്കുട്ടി, ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ പ്രസിഡന്റ്‌്‌ സി.കെ.എ. റസാഖ്‌, സെക്രട്ടറി സി.കെ. ജയദേവന്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എ. അബ്‌ദുല്ലത്തീഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
17 വര്‍ഷം മുമ്പ്‌ ജില്ലാ പഞ്ചായത്തിന്റെ പ്രഥമ ഭരണ സമിതി നിര്‍മിച്ച നിലവിലുള്ള ജില്ലാ പഞ്ചായത്ത്‌ ഭവനാണ്‌ നവീകരിച്ചത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള എഞ്ചിനീയറിങ്‌ വിഭാഗം, അക്ഷയയുടെ ജില്ലാ ഓഫീസ്‌, മലപ്പുറം ഇസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒണ്‍ട്രപ്രിനര്‍ ഡവലപ്‌മെന്റ്‌, കിഡ്‌നി പേഷന്റ്‌സ്‌ വെല്‍ഫെയര്‍ സൊസൈറ്റി, പ്രതീക്ഷ, തണല്‍ക്കൂട്ട്‌, വിജയഭേരി, സുരക്ഷ, പരിരക്ഷ തുടങ്ങിയ പ്രൊജക്‌ടുകളുടെ ഓഫീസുകള്‍ തുടങ്ങിയവ ജില്ലാ പഞ്ചായത്ത്‌ ഓഫീസിനകത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌. 400 പേര്‍ക്ക്‌ ഇരിക്കാവുന്ന വലിയ സമ്മേളന ഹാള്‍, എക്‌സിക്യൂട്ടീവ്‌ മീറ്റിങ്‌ സ്യൂട്ട്‌, പരിഷ്‌കരിച്ച ബോര്‍ഡ്‌ മീറ്റിങ്‌ ലോഞ്ച്‌ എന്നിവ നവീകരണത്തിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്‌.
ജില്ലാ പഞ്ചായത്ത്‌ പദ്ധതികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചരിത്രം, അധികാര വികേന്ദ്രീകരണത്തിന്റെ നാള്‍വഴികള്‍ തുടങ്ങിയവ പഠിക്കുന്നതിന്‌ സഹായിക്കുന്ന ലൈബ്രറി ഉടനെ പ്രവര്‍ത്തിച്ച്‌ തുടങ്ങും. കാഴ്‌ച ശക്തിയില്ലാത്ത അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കേട്ട്‌ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ‘ഒഡിയോ ഡിജിറ്റല്‍ ലൈബ്രറി’ യും പുതിയ മന്ദിരത്തില്‍ സജ്ജമാക്കും.