മലപ്പുറം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ടെര്‍മിനല്‍ : ജനുവരി രണ്ടിന്‌ മുഖ്യമന്ത്രി തറക്കല്ലിടും

Story dated:Wednesday December 9th, 2015,06 33:pm
sameeksha sameeksha

മലപ്പുറം കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ നിര്‍മിക്കുന്ന ബസ്‌ ടെര്‍മിനല്‍ കം ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ തറക്കല്ലിടല്‍ ജനുവരി രണ്ടിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന്‌ പി. ഉബൈദുള്ള എം.എല്‍.എ. അറിയിച്ചു. ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്‌ക്കരണ യോഗത്തിലാണ്‌. എം.എല്‍.എ. ഇക്കാര്യം അറിയിച്ചത്‌. പരിപാടിയുടെ നടത്തിപ്പിനായി എം.എല്‍.എ. ചെയര്‍മാനും ജില്ലാ കലക്‌ടര്‍ കണ്‍വീനറായും സ്വാഗതസംഘം രൂപവത്‌ക്കരിച്ചു.
ആറ്‌ നിലകളിലായി നിര്‍മിക്കുന്ന ബസ്‌ ടെര്‍മിനലിന്റെ ആദ്യ രണ്ട്‌ നിലകളുടെ നിര്‍മാണോദ്‌ഘാടനമാണ്‌ ജനുവരി രണ്ടിന്‌ നടക്കുക. ഇതിനായി 7.9 കോടി വകയിരുത്തിയിട്ടുണ്ട്‌. 2.4 ഏക്കര്‍ സ്ഥലത്ത്‌ നിര്‍മിക്കുന്ന ബസ്‌ ടെര്‍മിനലില്‍ 50 ബസ്സുകള്‍ നിര്‍ത്തിയിടാനാകും. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കും. ഏറനാട്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിക്കാണ്‌ നിര്‍മാണച്ചുമതല.
യോഗത്തില്‍ മലപ്പുറം നഗരസഭാ ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്‌ദ്‌, കോഡൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി ഷാജി, ആനക്കയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനീറ അഷ്‌റഫ്‌, ആനക്കയം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.പി അബ്‌ദുറഹ്മാന്‍, മലപ്പുറം നഗരസഭ കൗണ്‍സിലര്‍ ഹാരിസ്‌ അമീന്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി. മുസ്‌തഫ, ഉപ്പോടന്‍ ഷൗക്കത്ത്‌, വി. മജ്‌നു, കെ.എസ്‌.ആര്‍.ടി.സി അസിസ്റ്റന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ വി. കൃഷ്‌ണദാസ്‌ എന്നിവര്‍ പങ്കെടുത്തു.