മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്‌ ഇരട്ട പുരസ്‌കാരം

മലപ്പുറം: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സോണ്‍ എട്ടില്‍ 2015 ലെ ഏറ്റവും നല്ല കെ.വി.കെ.ക്കുള്ള പുരസ്‌കാരവും 2016 ലെ അടല്‍ രാഷ്ട്രീയ കൃഷി വിജ്ഞാന്‍ പ്രോത്സാഹന്‍ പുരസ്‌കാരവും കേരള കാര്‍ഷിക സര്‍വകലാശാലയ്‌ക്ക്‌ കീഴിലുള്ള സ്ഥാപനത്തിന്‌ ലഭിച്ചു. 2015 ലെ പുരസ്‌കാരം ജൂലൈ 16 ന്‌ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഐ.സി.എ.ആര്‍. സ്ഥാപക ദിനാഘോഷ പരിപാടിയില്‍ നല്‍കും. 2016 ലെ പുരസ്‌കാര വിതരണം ഡിസംബറില്‍ നടക്കും. പ്രശംസാ പത്രവും അഞ്ച്‌ ലക്ഷം രൂപയും അടങ്ങുന്നതാണ്‌ എറ്റവും നല്ല കൃഷി വിജ്ഞാന കേന്ദ്രത്തിനുള്ള പുരസ്‌ക്കാരം. അടല്‍ രാഷ്ട്രീയ കൃഷി വിജ്ഞാന്‍�പ്രോത്സാഹന്‍ പുരസ്‌ക്കാരത്തിന്‌ പ്രശംസാപത്രവും 2.25 ലക്ഷവും ലഭിക്കും.
അഞ്ച്‌ വര്‍ഷത്തെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്‌ അവാര്‍ഡുകള്‍. നെല്‍കൃഷി യന്ത്രവത്‌ക്കരണ രംഗത്ത്‌ ‘കൃഷി സഹായി’ എന്ന സ്വയം സഹായ സംഘത്തെ വാര്‍ത്തെടുക്കുകയും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ�ജില്ലയിലാകെ വ്യാപിപ്പിക്കുകയും ചെയ്‌തത്‌ കെ.വി.കെ.യുടെ പ്രധാന നേട്ടമാണ്‌. നാളികേര വികസന ബോര്‍ഡുമായി ചേര്‍ന്ന്‌ തെങ്ങിന്‍ ചങ്ങാതിക്കൂട്ടം എന്ന പരിശീലന പരിപാടിയിലൂടെ 360 തെങ്ങ്‌ കയറ്റ വിദഗ്‌ധരെ വാര്‍ത്തെടുത്തു. ജൈവ മാര്‍ഗങ്ങളിലൂന്നിയ കീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രീകൃത പ്രവര്‍ത്തനം നടത്തി.
വെള്ളരി വര്‍ഗ വിളകളിലെ കീടരോഗ നിയന്ത്രണത്തിന്‌ പ്രകൃതി സൗഹൃദമായ കെണികള്‍, വേപ്പെണ്ണ അടിസ്ഥാനമാക്കിയുള്ള നീം സോപ്പ്‌, കൂരാറ്റകളെ തുരത്തുന്നതിന്‌ തിളങ്ങുന്ന റിബണ്‍, തണ്ട്‌ തുരപ്പനെയും ഓല ചുരുട്ടിയെയും നിയന്ത്രിക്കുന്നതിന്‌ ട്രൈക്കോകാര്‍ഡുകള്‍, ചാഴിയെ നിന്ത്രിക്കാന്‍ മത്തി ശര്‍ക്കര മിശ്രിതം, കാട്ട്‌ പന്നിക്കെതിരെ ഇക്കൊഡോണ്‍, മറ്റ്‌ ജൈവ ഉപാധികള്‍ തുടങ്ങിയവയാണ്‌ കീടരോഗ നിയന്ത്രണത്തിന്‌ നടത്തിയ പ്രധാന ഇടപെടലുകള്‍. കൃഷി വകുപ്പുമായി ചേര്‍ന്ന്‌ വിള ആരോഗ്യ പദ്ധതി വിജയകരമായി നടപ്പാക്കി. കര്‍ഷക കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയും പേറ്റന്റ്‌ നേടുന്നതിന്‌ സഹായിക്കുകയും ചെയ്‌തു. 100 കാര്‍ഷിക വിളകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്പ്‌, ഓണ്‍ലൈന്‍ വളം നിര്‍ണയ സഹായി, വായ്‌പ നിര്‍ണയ സഹായി എന്നിവ സാങ്കേതിക വിദ്യകളൂടെ പ്രചാരണത്തിനു സഹായിച്ചു.
ജില്ലയിലെ പഴം, പച്ചക്കറി ഉല്‌പാദനം വര്‍ധിപ്പിക്കുന്നതിന്‌ പുതിയ ഇനങ്ങളും സാങ്കേതിക വിദ്യകളും പ്രചരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 100 ഹെക്‌റ്റര്‍ സ്ഥലത്തേക്ക്‌ 1400 കിലോഗ്രം ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഉത്‌പാദിപ്പിച്ചു. നിരന്തര പരിശീലനത്തിലൂടെ ധാരാളം കൂണ്‍ ഉത്‌പാദക സംരംഭങ്ങളും ഭക്ഷ്യ സംസ്‌ക്കരണ�യൂനിറ്റുകളും ഉടലെടുത്തു. മണ്ണിന്റെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി മണ്ണ്‌ പരിശോധന അടിസ്ഥാനമായുള്ള വള ശുപാര്‍ശകള്‍ നല്‍കുകയും മണ്ണിന്റെ അമ്ലത നിര്‍ണയം, സൂക്ഷ്‌മ മൂലകങ്ങളുടെ ന്യൂനത നിവാരണം എന്നീ മേഖലകളില്‍ കൃഷി വകുപ്പുമായി ചേര്‍ന്ന്‌ കാതലായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തു.
കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങളില്‍ ബാഹ്യ എജന്‍സികളിലൂടെ 208 ലക്ഷം സ്വരൂപിക്കുകയും കര്‍ഷക സേവനത്തിനായി ബയോകണ്‍ട്രോള്‍ ലാബ്‌, അഗ്രി ബയോ പാര്‍ക്ക്‌, തൈകളുടെ ഉത്‌പാദന കേന്ദ്രം, വിത്തുത്‌പാദനത്തിനുള്ള വിവിധ സൗകര്യങ്ങള്‍ എന്നിവ വികസിപ്പിച്ചെടുത്തു. ആത്മ, കൃഷി വകുപ്പ്‌, വ്യവസായ വകുപ്പ്‌, നാളികേര വികസന വകുപ്പ്‌, വി.എഫ്‌.പി.സികെ എന്നിവയുമായി ചേര്‍ന്ന്‌ സാങ്കേതിക വിദ്യകള്‍ കൂടുതല്‍ സ്ഥലത്തേക്ക്‌ വ്യാപിപ്പിച്ചു.