മറൈന്‍ഡ്രൈവില്‍ അക്രമം നടത്തിയ സദാചാര ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും

കൊച്ചി: ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (കാപ്പ) നിയമം ചുമത്തുമെന്ന് പൊലീസ്. പ്രതികള്‍ക്കെതിരെ കൊച്ചി സിറ്റി, എറണാകുളം റൂറല്‍ സ്ഥലങ്ങളില്‍ കേസുകളുണ്ടെങ്കില്‍ അവയുടെ വിവരം തേടി ജില്ല പൊലീസ് മേധാവിക്ക് കത്തയച്ചു. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.
ഏഴോളം പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഗൂഢാലോചന ആരോപണമുയര്‍ന്നെങ്കിലും അതിന് തെളിവ് ലഭിച്ചിട്ടില്ളെന്ന് പൊലീസ് പറഞ്ഞു. നേരത്തേ അറസ്റ്റ് ചെയ്ത എട്ടുപേരെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും.

പരിസരത്തെ റെസിന്‍റ്സ് അസോസിയേഷനും പൊലീസിലെ ചിലരും ശിവസേന പ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ആരോപണമുണ്ട്.