മരണബോധത്തെ ഉണര്‍ത്തിയ പാട്ടുകാരന്‌ മരണത്തിന്റെ സ്‌നേഹചുംബനം

By എംആര്‍കെ കാച്ചടിക്കല്‍ |Story dated:Thursday December 3rd, 2015,12 18:pm
sameeksha sameeksha

randathani hamsaകോട്ടക്കല്‍ : പാട്ടിന്റെ ശീലുകളിലൂടെ ആത്മീയതയുടെ പുതിയ പാഠം പകര്‍ന്നു നല്‍കിയ പ്രിയ മാപ്പിളപ്പാട്ടുകാരന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച്‌ വാളക്കുളത്തെ വീട്ടിലെത്തിയത്‌ ആയിരത്തിലധികം സഹൃദയര്‍. തങ്ങളുടെ പാട്ടിന്റെ രാജാവിനെ അവസാനമായി ഒരു നോക്കുകാണാനെത്തിയവര്‍ ചുണ്ടുകള്‍ നിശ്ചലമായ ആ മുഖം കണ്ട്‌ കണ്ണില്‍ ഈറനണിഞ്ഞു നിന്നു. തന്റെ പാട്ടുകളില്‍ മിക്കതിലും മരണചിന്തകളെ ജ്വലിപ്പിച്ച സംഗീതത്തിന്റെ നിത്യ കാമുകന്‍ മരണത്തിന്റെ നിത്യതണുപ്പില്‍ വിറങ്ങലിച്ചുനിന്നു. സുഖമിതു മാറും, പരിപാലകന്റെ നിയമം, മരണം വരും, സക്കറാത്തില്‍ മൗത്തിന്റെ തുടങ്ങിയ പാട്ടുകള്‍ ഇതില്‍ ചിലതു മാത്രം. കല്യാണഘോഷങ്ങള്‍ക്കും മറ്റും ശബ്ദമാധുരി കൊണ്ട്‌ സംഗീതത്തിന്റെ ആത്മീയ താളം പകര്‍ന്നു നല്‍കിയ ഹംസക്കാന്റെ ചില സംഭവങ്ങള്‍ സുഹൃത്തുകള്‍ ആ ചേതനയറ്റ ശരീരത്തിന്‌ സമീപത്തിരുന്ന്‌ അയവിറക്കി. അര്‍ധരാത്രി ഇദ്ധേഹത്തിന്റെ മരണം സ്ഥിതീകരിച്ചതോടെ നാട്ടുകാരും സുഹൃത്തുകളും സാമൂഹ്യമാധ്യമങ്ങളിലൂടെ അനുശോചന സന്ദേശങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ പാട്ടുജീവിതവുമായി ബന്ധപ്പെട്ട്‌ വിവിധ ദിക്കുകളില്‍ നിന്നുള്ള സുഹൃത്തുക്കളും സ്ഥിരം ആസ്വാദകരുമാണ്‌ തങ്ങളുടെ മനസ്സില്‍ ആത്മീയതയുടെ പാലാഴി തീര്‍ത്ത ഗായകന്‌ വിടനല്‍കാന്‍ പൂക്കിപ്പറമ്പ്‌ വാളക്കുളത്തെ വീട്ടിലെത്തിയത്‌. വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ്‌ മയ്യിത്ത്‌ കുണ്ടുകുളം ജുമുഅത്ത്‌ പള്ളിയിലേക്ക്‌ കൊണ്ടുപോയത്‌. സംഗീതലോകത്തെ രണ്ടത്താണി ഹംസയുടെ സുഹൃത്തുക്കളായ ശഹബാസ്‌ അമന്‍, ഫിറോസ്‌ ബാബു, അഷ്‌റഫ്‌ പാലപ്പെട്ടി, ഒ എം കരുവാരകുണ്ട്‌, എടപ്പാള്‍ ബാപു, ഈസക്ക, ബാപു വെള്ളിപ്പറമ്പ്‌, ജോയി വിന്‍സെന്റ്‌, മുസ്‌തഫ കടലുണ്ടി എന്നിവര്‍ മരണവീട്‌ സന്ദര്‍ശിച്ചു.