മരണത്തിലേക്ക് സൈക്കിള്‍ ചവിട്ടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

പരപ്പനങ്ങാടി : നിര്‍മാണത്തിലിരിക്കുന്ന പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിലൂടെ അപകടകരമായ രീതിയില്‍ സൈക്കിള്‍ സവാരി നടത്തിയ വിദ്യാര്‍ത്ഥി അത്ഭുതകരമായ തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. മേല്‍പാലത്തിന്റെ പണിനടക്കുന്നതിനാല്‍ അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി സ്ഥാപിച്ച ബാരിക്കേഡും മുന്നറിയിപ്പ് ബോര്‍ഡുകളും അവഗണിച്ച് മുകളിലേക്ക് സൈക്കിള്‍ ചവിട്ടിപ്പോയ വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍ പെട്ടത്. വൈകീട്ട് 3 മണിക്കാണ് സംഭവം നടന്നത്.

പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ റെയില്‍വേ പാളത്തിന്റെ ഭാഗത്തുള്ള സ്ലാബ് വാര്‍ത്തിട്ടില്ല. ഇവിടെ പാലത്തിന് 40 അടി ഉയരമുണ്ട്. പാലത്തിന്റെ പണി പൂര്‍ത്തിയായെന്ന് കരുതി വേഗത്തില്‍ സൈക്കിള്‍ ഓടിച്ചുപോയ വിദ്യാര്‍ത്ഥി പെട്ടെന്ന് തുറന്നുകിടക്കുന്ന ഭാഗം കണ്ട് സൈക്കിളില്‍ നിന്ന് ഒരുവശത്തേക്ക് എടുത്ത് ചാടി വാര്‍പ്പുകമ്പിയില്‍ തൂങ്ങി രക്ഷപ്പെടുകയായിരുന്നു. അതെസമയം പാലത്തില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ കുട്ടിയെ പിന്‍തുടര്‍ന്നതോടെ ഭയന്ന കുട്ടി സൈക്കിളിന്റെ വേഗത കൂട്ടുകയായിരുന്നെന്നും പറയുന്നുണ്ട്. സൈക്കിളാകട്ടെ മേല്‍പ്പാലത്തിലെ തൂണിന്റെ വാര്‍പ്പുകമ്പിയില്‍ തൂങ്ങിക്കിടക്കുകയാണ്.

അപകടത്തില്‍ നിസ്സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ഓടി രക്ഷപ്പെട്ടു.