മരം മുറിക്കാന്‍ പൊലീസും..

പരപ്പനങ്ങാടി: കേരളവാട്ടര്‍ അതോറിറ്റി കോമ്പൗണ്ടിനകത്തെ ഒരു മാവിനെയാണ് ഇടക്കിടെ മരമാഫിയയും ഇപ്പോള്‍ പൊലീസും ലാത്തി കാട്ടി ഭീഷണിപ്പെടുത്തുന്നത്. യാതൊരു കേടുപാടും ഇല്ലാത്ത ഈ മാവ് മുറിക്കുവാനുള്ള ശ്രമം ഇതിനുമുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞിരുന്നു.

ഉദ്യോഗസ്ഥരും ലേലമാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് പാരിസ്ഥിതിക ബോധമില്ലാത്ത ഇത്തരം ഹിംസകള്‍ക്കു പുറകില്‍. ശരാശരിയില്‍ കൂടുതല്‍ കരുത്തുമുള്ള ഈ മരം മുറിക്കാന്‍ അനുവാദം കൊടുത്തത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റാണെന്നുള്ളതാണ് ഇതിലെ ന്യായീകരിക്കപ്പെടാത്ത വൈരുദ്ധ്യം. ഇത്തരത്തില്‍ അഴിമതിക്കാരായിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള താക്കീതാണ് മരംമുറിതടയല്‍ സമരത്തിന്റെ സന്ദേശമെന്ന് ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി വില്ലേജ് സെക്രട്ടറി റാഫി പറഞ്ഞു.

 

മരം മുറിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിയും കോണ്‍ട്രാക്റ്ററും പൊലീസിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഈ മാവിന്റെ നന്മയില്‍ പൊലീസിനും മനസ്സലിഞ്ഞു. മരംമുറി അന്യായമാണെങ്കില്‍ അതിന്റെ കാരണം ബോധ്യപ്പെടുത്താന്‍ മരംമുറി തടഞ്ഞ ഡിവൈഎഫ്‌ഐയും താനൂര്‍ സിഐയുമായുള്ള ചര്‍ച്ചയില്‍ ധാരണയാവുകയായിരുന്നു. പോരാളിയായ മാവിന് പതിനാലു ദിവസത്തെ ആയുസ്സുകൂടി നീട്ടികൊടുത്തിരിക്കുന്നു. ഇത്തരം സാമൂഹ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പരപ്പനങ്ങാടിയിലെ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു.