മന്ത്‌ രോഗ നിര്‍മാര്‍ജനം: ആദ്യ ഘട്ടം 14 ന്‌ പൊന്നാനിയില്‍

മന്ത്‌ രോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട്‌ ആരോഗ്യ വകുപ്പ്‌ നടത്തുന്ന മന്ത്‌ രോഗ നിവാരണ ചികിത്സാ പരിപാടിയുടെ ഉദ്‌ഘാടനം ഡിസംബര്‍ 14 ന്‌ പൊന്നാനി താലൂക്ക്‌ ആശുപത്രിയില്‍ പൊന്നാനി നഗരസഭാ അധ്യക്ഷന്‍ സി.പി. മുഹമ്മദ്‌ കുഞ്ഞി നിര്‍വഹിക്കും. വൈസ്‌ ചെയര്‍പെഴ്‌സണ്‍ വി. രമാദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ഉമ്മര്‍ ഫാറൂഖ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ആദ്യഘട്ടം ഡിസംബര്‍ 23 ന്‌ അവസാനിക്കും. രണ്ടാം ഘട്ടം ജനുവരി മൂന്ന്‌ മുതല്‍ 13 വരെയും നടക്കും.
വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ്‌ മന്ത്‌ രോഗ നിവാരണ ഗുളിക വിതരണം നടത്തുക. പഞ്ചായത്ത്‌- ആയുര്‍വേദ- ഹോമിയോപ്പതി- സാമൂഹികനീതി- വിദ്യാഭ്യാസ വകുപ്പുകള്‍ക്ക്‌ പുറമെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനവും പ്രയോജനപ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പദ്ധതിയുടെ അതത്‌ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ ആരോഗ്യ സേവകരും വീടുകള്‍, തൊഴിലിടങ്ങള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഗുളിക വിതരണം ചെയ്യും. കൂടാതെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ജനുവരി അഞ്ച്‌ മുതല്‍ 10 വരെ ഗുളിക വിതരണ ബൂത്തുകളായും പ്രവര്‍ത്തിക്കും.