മന്ത്രി കെ ബാബുവിനെ സിപിഐഎം വഴിയില്‍ തടഞ്ഞു; തലസ്ഥാനത്ത്‌ കല്ലേറും ലാത്തിച്ചാര്‍ജ്ജും

12576261_802353136536550_1707721246_nതിരുവനന്തപുരം: ബിവറേജസ്‌ കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ എക്‌സൈസ്‌ മന്ത്രി കെ ബാബുവിനെയും മന്ത്രി വി.എസ്‌ ശിവകുമാറിനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ബാബു തിരിച്ച്‌ പോവണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തിയത്‌.

പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതോടെ പോലീസ്‌ ലാത്തിവീശി. വി.ശിവപന്‍കുട്ടിയുടെ നേതൃത്വത്തിലാണ്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തിയത്‌. പോലീസും മന്ത്രിയുടെ വാഹനത്തിനും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. വനിതാപ്രവര്‍ത്തകരെ മുന്‍നിര്‍ത്തിയാണ്‌ പ്രതിഷേധക്കാര്‍ അണിനിരന്നത്‌. പോലീസ്‌ ബലം പ്രയോഗിച്ച്‌ ശിവന്‍കുട്ടി അടക്കമുള്ളവരെ അറസ്‌റ്റു ചെയ്‌തു നീക്കി.

കല്ലേറുണ്ടായ ഉടന്‍ തന്നെ മന്ത്രിയുടെ വാഹനം മസ്‌കറ്റ്‌ ഹോട്ടലിനുള്ളിലേക്കു കയറ്റി. അവിടെ നിന്ന്‌ ഉദ്‌ഘാടന വേദിയിലേക്കു നടന്നു വരാനായിരുന്നു നീക്കം. എന്നാല്‍ ഇതും തടയുമെന്ന്‌ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ മന്ത്രി മറ്റൊരു വഴിയിലൂടെ ഉദ്‌ഘാടന വേദിയിലെത്തി ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്യുകായിരുന്നു. സ്ഥലത്ത്‌ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്‌.