‘മന്ത്രിയെ വിട്ടേക്കൂ, ഞാന്‍ നോക്കിക്കോളാം’ ; പിള്ള.

 

 

 

 

 

 

 

 

 

പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തെങ്കിലും കാര്യത്തിനു വേണ്ടി ഇനി ഗണേഷ് കുമാറിനെ കാണേണ്ടതില്ല. കേരളാ കോണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്ക് തന്നെ സമീപിച്ചാല്‍ മതി എന്ന് പിള്ള പറഞ്ഞു. സംഘടനാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അവഗണിച്ച് രമേശ് ചെന്നിത്തലയുടെ ശുപാര്‍ശ നടപ്പാക്കുന്നവനായി ഗണേഷ്‌കുമാര്‍ മാറിയിരിക്കുന്നു. 8 മാസമായി പാര്‍ട്ടിയുമായി ഒരു ബന്ധവും പുലര്‍ത്താത്ത മന്ത്രി പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും നിരന്തരം അപമാനിക്കുകയാണ്. പാര്‍ട്ടിയുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞു. ഇതോടെ കേരള കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ യു.ഡി.എഫ് മന്ത്രിസഭയ്ക്കു തന്നെ ഭീഷണി ഉയര്‍ത്തുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്.

പ്രതിസന്ധി പരിഹരിക്കാന്‍ എന്‍.എസ്.എസ് മുന്നോട്ടു വെച്ച ഫോര്‍മുലയും അലസിപ്പോയത് യു.ഡി.എഫ് നേതൃത്വത്തില്‍ ആശങ്ക ജനിപ്പിച്ചിരിക്കുന്നു. എന്‍.എസ്.എസ് ഫോര്‍മുലയുമായി താന്‍ സഹകരിക്കാന്‍ തയ്യാറായെങ്കിലും ഗണേഷ് കൂമാര്‍ ഉടക്കുവെക്കുകയായിരുന്നു എന്നാണ് പിള്ള അവകാശപ്പെടുന്നത്. കേരളാ കോണ്‍ഗ്രസ്സ് മന്ത്രിയെ യു.ഡി.എഫ് തട്ടിയെടുത്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ബാലകൃഷ്ണപ്പിള്ള മുന്നറിയിപ്പ് നല്്കുന്നുണ്ട്. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പിന്‍തിരിയാതെ കേരളത്തിനുവേണ്ടി ശക്തമായി നിലകൊള്ളണമെന്നും ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടു.