മനോജ് കെ ജയന്‍ ഹിജഡയാകുന്ന അര്‍ദ്ധനാരി ഇന്ന് തിയ്യേറ്ററുകളില്‍

മലയാളിക്കേറെ പരിചിതമല്ലാത്ത ‘തേര്‍ഡ്’ ജന്ററിന്റെ കഥപറയുന്ന അര്‍ദ്ധനാരി ഇന്ന് തിയ്യേറ്ററുകളില്‍ എത്തും. മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് അര്‍ദ്ധനാരി. കേരളത്തിലെ ഒരു യാഥാസ്ഥിക കുടുംബത്തില്‍ പിറന്ന് തിരിച്ചറിവുകളില്‍ നിന്ന് തന്റെ ജീവിതം തിരഞ്ഞെടുത്ത ഒരു ഹിജഡയുടെ പൊള്ളുന്ന കഥയാണ് അര്‍ദ്ധനാരി.
സ്ത്രീയുടെ സാമിപ്യത്തില്‍ പുരുഷനായി മാറുകയും പുരുഷന്റെ സാമിപ്യത്തില്‍ തിരിച്ചും മാറുന്ന കോത്തിയെന്ന ഹിജഡയുടെ ജീവിതം മനോജ് കെ ജയന് അതിശക്തമായി തന്നെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു. നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസവും അപമാനവും സഹിക്കവയ്യാതെയാണ് മനോജി കെ ജയന്റെ കഥാപാത്രം നാടുവിടുന്നതും തന്നെപോലുള്ളവര്‍ താമസിക്കുന്ന തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ എത്തിച്ചേരുന്നതും. പിന്നീട് ഒരു ഹിജഡയുടെ ജീവിതം മുഴുവന്‍ വേഷപകര്‍ച്ചയിലൂടെ നിറഞ്ഞാടുകയാണ് മനോജ്.

തെങ്കാശിയില്‍ ഹിജഡകളുടെ തലവനായാണ് തിലകനെത്തുന്നത്. മണിയന്‍പിള്ള രാജുവും ഹിജഡയായി ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം ആശ ശരത്തും മഹാലക്ഷ്മിയും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

എംജി ശ്രീകുമാര്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് പൗര്‍ണമിയാണ്.