മനുഷ്യച്ചങ്ങലയില്‍ ജനലക്ഷങ്ങള്‍ കണ്ണിയായി

തിരുവനന്തപുരം : നോട്ട് അസാധുവാക്കലിലൂടെ ജനങ്ങളെ മരണത്തിലേക്കും കൊടുംപട്ടിണിയിലേക്കും തള്ളിവിടുകയും നാടിന്റെ ജീവനാഡിയായ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കുകയുംചെയ്യുന്ന കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീതായി കേരളമൊന്നാകെ മനുഷ്യപ്രതിരോധം തീര്‍ത്തു. തിരുവനന്തപുരംമുതല്‍ കാസര്‍കോട്വരെ എല്‍ഡിഎഫ് മനുഷ്യ ചങ്ങല തീര്‍ത്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ മനുഷ്യചങ്ങലയില്‍ കണ്ണികളായി.

രാജ്ഭവനുമുമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യകണ്ണിയും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അവസാന കണ്ണിയുമായി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി നീലലോഹിതദാസന്‍നാടാര്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, മന്ത്രിമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, സി രവീന്ദ്രനാഥ് തുടങ്ങി എല്‍ഡിഎഫ് നേതാക്കളും എല്‍ഡിഎഫുമായി സഹകരിക്കുന്ന സംഘടനകളുടെ നേതാക്കളും ചങ്ങലയില്‍ കണ്ണികളായി.

കലാ-സാംസ്കാരിക-കായികരംഗങ്ങളിലെ പ്രമുഖരും കൈകോര്‍ത്തു. കവി പ്രഭാവര്‍മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗം പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.