മദ്യലഹരിയില്‍ മൊബൈലില്‍ മൊഴി ചൊല്ലിയാലും സാധു – ദാറുല്‍ ഉലൂം

ലഖ്‌നൗ: മദ്യലഹരിയില്‍ മൊബൈല്‍ഫോണില്‍ മൊഴിചൊല്ലിയാലും അംഗീകരിക്കാമെന്ന് ദേവ്ബന്ദിലെ ദാറുല്‍ ഉലൂം. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ ആസ്ഥാനമായ ദാറുല്‍ ഉലൂം ഇസ്ലാമിക സര്‍വ്വകലാശാലയുടെ ഫത്‌വ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

കത്തിലൂടെ ഒരാള്‍ ചോദിച്ച സംശയത്തിന് മറുപടിയായാണ് ദേവ് ബന്ദ് ദാറുല്‍ ഉലൂം ഇക്കാര്യം അറിയിച്ചത്. സ്വന്തം സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ ഫോണില്‍ മൊഴിചൊല്ലിയത് ചൂണ്ടിക്കാട്ടിയാണ് വ്യക്തി സംശയം ഉന്നയിച്ചത്. എന്നാല്‍ ലഹരി മാറിയപ്പോള്‍ സഹോദരീഭര്‍ത്താവിന് മനംമാറ്റമുണ്ടായ സാഹചര്യത്തില്‍ എന്തുചെയ്യുമെന്നും ഇയാള്‍ സംശയമുന്നയിക്കുന്നു.
മൂന്നുവട്ടം തലാക്ക് ചൊല്ലിയ സാഹചര്യത്തില്‍ ഭാര്യഭര്‍ത്തൃബന്ധം അരുതെന്നും ഇദ്ദകാലയളവ് (മൊഴി ചൊല്ലിയശേഷം മുസ്ലീം സ്ത്രീ പരപുരുഷന്‍മാരെ കാണാതെ കഴിയുന്ന സമയം) കഴിഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്ത ശേഷമേ ആദ്യഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാവൂ എന്നുമാണ് ദാറുല്‍ ഉലൂമിന്റെ മറുപടി. രണ്ടാമത് വിവാഹം ചെയ്തയാളും മൊഴിചൊല്ലി ഇദ്ദ കാലയളവ് കഴിഞ്ഞാലേ ആദ്യഭര്‍ത്താവുമായുള്ള പുനര്‍വിവാഹം സാധ്യമാകൂ എന്നര്‍ത്ഥം.