മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ സുപ്രീം കോടതിക്ക്‌ റദ്ദാക്കാമെന്ന്‌ കേരളം

barദില്ലി: സംസ്ഥാനത്ത്‌ സര്‍ക്കാരിന്റെ മദ്യനയം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ സുപ്രീം കോടതിക്ക്‌ റദ്ദാക്കാമെന്ന്‌ കേരളം . സര്‍ക്കാരിന്റെ മദ്യ നയത്തെ ചോദ്യം ചെയ്‌ത്‌ ബാറുടമകള്‍ സുപ്രീം കോടതയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേരളത്തിന്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ്‌ ഇക്കാര്യം കോടതിയെ അറിയിച്ചത്‌.

സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്‌ക്കുന്നതിനാണ്‌ സര്‍ക്കാര്‍ മദ്യനയം കൊണ്ടു വന്നത്‌. എന്നാല്‍ ഇതിലെ വ്യവസ്ഥകള്‍ ഭരമഘടനാ വിരുദ്ധമാണെങ്കിലും മദ്യനയം കണ്ട്‌ മദ്യോപഭോഗം കുറയുന്നില്ലെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെട്ടാലും റദ്ദാക്കാമെന്നുമാണ്‌ കപില്‍ സിബില്‍ കോടതിയെ അറിയിച്ചത്‌.

ഹരീഷ്‌ സാല്‍വെയാണ്‌ ബാര്‍ ഉടമകള്‍ക്കായി കോടതിയില്‍ ഹാജരായത്‌. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ളവയ്‌ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കേണ്ടെന്ന തീരുമാനം തുല്യതയ്‌ക്ക്‌ എതിരാണെന്ന്‌ സാല്‍വെ കോടതിയെ അറിയിച്ചു.

ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്‌. കേസ്‌ വിധിപറയാനായി മാറ്റി വെച്ചിരിക്കുകയാണ്‌.