മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ല; സ്‌ക്വാഷ്‌ കളിയിലെ ജേതാവ്‌ കിഡ്‌നി വില്‍ക്കാനൊരുങ്ങുന്നു

Untitled-1141ബിജ്‌നോര്‍: മത്സരത്തില്‍പങ്കെടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന്‌ സ്‌ക്വാഷ്‌ താരം കിഡിനി വില്‍ക്കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്നുള്ള സ്‌ക്വാഷ്‌ താരം രവി ദീക്ഷിതാണ്‌ തന്റെ കിഡ്‌നി വില്‍ക്കാനൊരുങ്ങിയിരിക്കുന്നത്‌. ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി്‌ രവി ദീക്ഷിത്‌ തന്നെയാണ്‌ അറിയിച്ചത്‌. അടുത്തമാസം ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന സൗത്ത്‌ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനായാണ്‌ ദീക്ഷിത്‌ കിഡ്‌നി വില്‍ക്കാന്‍ ഒരുങ്ങുന്നത്‌. എട്ട്‌ ലക്ഷം രൂപ ആര്‌ തന്നാലും തന്റെ കിഡ്‌നി വില്‍കുമെന്നാണ്‌ താരം വ്യക്തമാക്കിയിരിക്കുന്നത്‌.

2010 ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ്‌ രവി ദീക്ഷിത്‌. കഴിഞ്ഞ പത്തുവര്‍ഷമായി സ്‌ക്വാഷ്‌ കളിക്കുന്ന താന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക്‌ അവഗണന മാത്രമാണ്‌ കിട്ടിയതെന്നും ദീക്ഷിത്‌ ആരോപിച്ചു.

അടുത്തമാസം നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ കളിക്കുന്നത്‌ താനാണെന്നും എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനും പരിശീലനത്തിനും തന്റെ കയ്യില്‍ പണമില്ലെന്നും ദീക്ഷിത്‌ പറയുന്നു. ആവശ്യത്തിന്‌ പണമില്ലാത്തതിനാലാണ്‌ കിഡ്‌നിവില്‍ക്കാന്‍ തയ്യാറാണെന്ന്‌ കാണിച്ച്‌ തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ ഇങ്ങനെയൊരു കുറിപ്പ്‌ താരം പോസ്‌റ്റ്‌ ചെയതത്‌.

പോസ്‌റ്റിട്ടതോടെ ദീക്ഷിതിനെ സഹായിക്കാന്‍ പലരും രംഗത്തെത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. അതെസമയം മകന്റെ പ്രവൃത്തിയില്‍ ആശങ്കപ്പെട്ടിരിക്കുകയാണ്‌ ദീക്ഷിതിന്റെ രക്ഷിതാക്കള്‍. സംഭവത്തില്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ താരത്തിന്റെ രക്ഷിതാക്കള്‍.