മതസൗഹാര്‍ദ്ദത്തിന്റെ കാവലാളാവുക: ഹൈദറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി (മമ്പുറം): ആത്മീയതയിലൂടെ ജീവിച്ച് സമൂഹത്തിന് നന്മ പകരാന്‍ നമുക്കാവണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. ഈ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളുന്നവര്‍ക്കേ ഐക്യത്തിന്റെയും സമാധാനത്തിന്റെയും വാഹകരാവാന്‍ കഴിയൂ. ഇതായിരുന്നു മമ്പുറം തങ്ങളുടെ ജീവിത സന്ദേശമെന്നും ഇതുള്‍ക്കൊണ്ട് മതസൗഹാര്‍ദ്ദത്തിന്റെ കാവലാളുകളാവാന്‍ നാം പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ 174-ാം ആണ്ടുനേര്‍ച്ചയുടെ മതപ്രഭാഷണ പരമ്പര ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറി ചെമുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന മതപ്രഭാഷണ സദസ്സില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.