മണ്ടേലയുടെ നില ഗുരുതരം

ജൊഹാനസ് ബര്‍ഗ് : ദക്ഷിണാഫ്രിക്കയുടെ മുന്‍പ്രസിഡന്റും നോബല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില നാലാം ദിവസവും ഗുരുതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെങ്കിലും ഭയപ്പെടാനില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു.

തീവ്ര പരിചരണ വിഭാഗത്തിലെ നിയന്ത്രണങ്ങളുടെ ഭാഗമായി മണ്ടേലയെ സന്ദര്‍ശിക്കുന്നതില്‍ കര്‍ശന വിലക്കുണ്ടെങ്കിലും മുന്‍ ഭാര്യ വിന്നിയടക്കമുള്ള ഏതാനും അടുത്ത ബന്ധുക്കള്‍ തിങ്കളാഴ്ച അദ്ദേഹത്തെ കണ്ടിരുന്നു.
മണ്ടേലക്കു വേണ്ടി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടന്നു വരുന്ന പ്രാര്‍ത്ഥനകളും തുടരുകയാണ്.

1994 മുതല്‍ 1999 വരെ രാജ്യത്തിന്റെ പ്രസിഡന്റും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചന നേതാവുമായിരുന്ന മണ്ടേല സ്വന്തം ജനതക്കു വേണ്ടി 27 വര്‍ഷം ജയില്‍ വാസമനുഷ്ഠിച്ചു.

മണ്ടേലയെ മൂന്നാതവണയാണ് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നത്.