മണിയുടെ മരണകാരണം കീടനാശിനിയും മദ്യത്തിലെ മെഥനോളും;ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട്‌ കൈമാറി

maniതൃശൂര്‍:കലാഭവന്‍ മണിയുടെ മരണകാരണം ക്‌ളോര്‍പൈറിഫോസ്‌ കീടനാശിനിയും മദ്യത്തിലെ മെഥനോളുമാണെന്ന്‌ പോസ്‌റ്റു മോര്‍ട്ടം ചെയ്‌ത ഡോക്ടര്‍മാര്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ഡോക്ടര്‍മാര്‍ രേഖാമൂലം നല്‍കുന്ന ആദ്യ റിപ്പോര്‍ട്ടാണിത്‌. രാസപരിശോധനയ്‌ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌.

മണിയ്‌ക്ക്‌ കരള്‍ രോഗമുണ്ടായിരുന്നതായും എന്നാല്‍ കരള്‍ രോഗമല്ല മരണ കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരണം പെട്ടന്നു സംഭവിക്കാന്‍ കരള്‍ രോഗം ഒരു കാരണമായിട്ടുണ്ട്‌. എന്നാല്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കീടനാശിനിയും മദ്യത്തിലെ മെഥനോളും തന്നെയാണെന്നും മണിയെ ചികിത്സിച്ച കൊച്ചി അമൃത ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു.

മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്‌ വിദഗ്‌ധരായ ഡോ. പി എ ഷിജു, ഡോ.ഷേക്ക്‌ സക്കീര്‍ ഹുസൈന്‍ എന്നിവരാണു പോലീസിന്‌ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. കേസന്വേഷണത്തില്‍ നേരത്തെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു.

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സഹോദരന്‍ രാമകൃഷ്‌ണന്റെ വെലിപ്പെടുത്തലിനെ തുടര്‍ന്നാണ്‌ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയത്‌. മണിയുടെ സുഹൃത്തുക്കളെയടക്കം 200 ല്‍ അധികം പേരെ പോലീസ്‌ ചോദ്യം ചെയ്‌തെങ്കിലും കൊലപാതക ആത്മഹത്യാ സാധ്യതകള്‍ ഉറപ്പിക്കാന്‍ പോലീസിന്‌ സാധിച്ചിരുന്നില്ല.