മണല്‍ മാഫിയയെ ഒതുക്കിയ തിരൂര്‍ എസ്.ഐയെ തെറിപ്പിച്ചു.

തിരൂര്‍: മണല്‍ മാഫിയയെ ഒതുക്കാന്‍ കഠിനമായി പരിശ്രമിച്ച തിരൂര്‍ എസ്.ഐ ജോതീന്ദ്രകുമാറിനെ സ്ഥലം മാറ്റി. തൃശ്ശൂരിലേക്കാണ് മാറ്റം. മണല്‍ മാഫിയ പോലീസുകാരെ ആക്രമിച്ച മാഫിയകേസില്‍ മുസ്ലീം ലീഗ് നേതാവിന്റെ അനുജനെ അറസ്റ്റു ചെയ്തതോടെയാണ് എസ് ഐയെ മാറ്റാന്‍ സമ്മര്‍ദ്ധമുണ്ടായത്.

കഴിഞ്ഞ മാസം 25 ന് പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ ഭാരതപുഴയില്‍ പോലീസ് മണല്‍വേട്ട നടത്തവെ മണല്‍മാഫിയ സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ തിരൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുള്ള കുട്ടിയുടെ സഹോദരനെ അറസ്റ്റ് ചെയ്തതോടെയാണ് ഭരണപക്ഷം എസ്.ഐ യുടെ നേരെ തിരിഞ്ഞത്. ഇയാളെ പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിപ്പിച്ചു എന്നാരോപിച്ച് മലപ്പുറം എസ്.പി രണ്ടു പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു.
എസ്‌ഐ യെ മാറ്റണമെന്ന് ലീഗ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എസ്.ഐ യെ സ്ഥലം മാറ്റിയത്.