മണല്‍മാഫിയ പോലീസ് വാഹനം ഇടിച്ചു തകര്‍ത്തു.

അരീക്കോട്: അനധികൃതമായി മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പോലീസ് ജീപ്പ് മണല്‍മാഫിയ ഇടിച്ചുതകര്‍ത്തു. ഇന്നുപുലര്‍ച്ചെ പൂവാട്ടിക്കലിലാണ് സംഭവം. ലോറി തടയാന്‍ ശ്രമിച്ച പോലീസ് ജീപ്പിനെ മണല്‍ലോറി റിവേഴ്‌സ് എടുത്ത് പോലീസ് ജീപ്പിനെ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

മണല്‍ ലോറിയിലെ ഡ്രൈവറും, ക്ലീനറും ചേര്‍ന്ന് ഗ്രേഡ് എസ്‌ഐ ശിവദാസനെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്നവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ പോലീസ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മൂന്നു മാസത്തിനിടെ മണല്‍മാഫിയ പോലീസിനെ ആക്രമിച്ച അഞ്ചോളം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മണല്‍മാഫിയക്കെതിരെ പോലീസ് നടപടികള്‍ ശക്തമാക്കുമെന്ന് എസ്‌ഐ അറിയിച്ചു.