മഞ്ഞളാംകുഴി അലിയെ സ്പീക്കറാക്കാന്‍ നീക്കം.

തിരു: അഞ്ചാം മന്ത്രി സ്ഥാനമെന്ന ആവശ്യത്തില്‍ നിന്ന് മുസ്ലീം ലീഗ് പുറകോട്ട പോകുന്നെന്ന് സൂചന. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മഞ്ഞളാംകുഴി അലിയെ സ്പീക്കറാക്കി നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ലീഗ് നീക്കം. അലി സ്പീക്കര്‍ പദവി ഏറ്റെടുക്കാന്‍ സന്നദ്ധനായി എന്നു സൂചനയുണ്ട്. അഞ്ചാം മന്ത്രി സ്ഥാനപ്രശ്‌നം പരിഹരിക്കാനായി ഇന്നുനടന്ന ലീഗ് നേതൃയോഗത്തിലാണ് ഈ ധാരണ.

 

നിലവില്‍ ലീഗിന്റെ മന്ത്രിമാരായ എം.കെ മുനീറോ പി.കെ അബ്ദുറബ്ബോ മന്ത്രിസ്ഥാനമൊഴിഞ്ഞ് സ്പീക്കറാകുക എന്നതും ഒഴിവ് വരുന്ന മന്ത്രിസ്ഥാനത്തേക്ക് അലിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുകയെന്ന ഒത്തുതീര്‍പ്പു ഫോര്‍മുല ഉയര്‍ന്നു വന്നിരുന്നു. ജി. കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തു നിന്നും മാറ്റി മന്ത്രിസ്ഥാനം നല്‍കാനും കോണ്‍ഗ്രസ്സ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും കാര്‍ത്തികേയനും നേരത്തെ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാമെന്നും മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നുമുള്ള നിലപാടാണ് ജി. കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.

 
ഇതേസമയം അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്നാണ് ഇന്നലെ ദില്ലിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞത്.