മഞ്ചേരിയില്‍ ബിവറേജസ്‌ ഔട്ട്‌ലെറ്റ്‌ മാറ്റിസ്ഥാപിക്കും

images (1)മഞ്ചേരി :മഞ്ചേരി നഗരത്തില്‍ സമഗ്രമായ ട്രാഫിക്‌ പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി നഗര മധ്യത്തിലെ ബിവറേജസ്‌ ഔട്ട്‌ലെറ്റ്‌ നഗരത്തിനു പുറത്തേക്ക്‌ മാറ്റി സ്ഥാപിക്കും. പുതിയ സ്ഥലം കണ്ടെത്താന്‍ ഏറനാട്‌ തഹസില്‍ദാറെ ചുമതലപ്പെടുത്തി. റോഡുകളിലെ അനധികൃത ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക്‌ റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. അനധികൃതമായി റോഡ്‌ കയ്യേറിയവര്‍ സെപ്‌റ്റംബര്‍ 28 നകം സ്വയം ഒഴിയണമെന്ന്‌ ജില്ലാ കലക്‌ടര്‍ നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ 28 ന്‌ റവന്യൂ, പൊതുമരാമത്ത്‌, നഗരസഭ, പൊലീസ്‌ അധികൃതര്‍ ചേര്‍ന്ന്‌ കയ്യേറ്റക്കാരുടെ ചെലവില്‍ ഒഴിപ്പിക്കും. സുഗമമായ ഗതാഗതത്തിന്‌ യോഗ്യമാവുംവിധം നഗരത്തെ ശുചീകരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കലക്‌ടര്‍ പറഞ്ഞു. നഗരത്തില്‍ ട്രാഫിക്‌ തടസമുണ്ടാക്കുന്ന കെ.എസ്‌.ഇ.ബി., ബി.എസ്‌.എന്‍.എല്‍. പോസ്റ്റുകള്‍ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും.

ഓജസ്‌ ബേക്കറിക്കു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡ്‌ പഴയ ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ മാറ്റും. ബേക്കറിക്കു മുന്നില്‍ ബസ്‌ ബേ നിര്‍മിക്കും. രാവിലെ എട്ടിനും രാത്രി എട്ടിനും ഇടയില്‍ വലിയ ചരക്കു വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാനോ ചരക്ക്‌ ഇറക്കാനോ പാടില്ല. നഗരത്തിലെ പൊതുമരാമത്ത്‌ റോഡുകളുടെ അറ്റകുറ്റപണി 10 ദിവസത്തിനകം പൂര്‍ത്തിയാക്കും. എല്ലാ ജങ്ക്‌ഷനുകളിലും ദിശാ ബോര്‍ഡും മറ്റ്‌ സൈന്‍ ബോര്‍ഡുകളും ഒരാഴ്‌ചയ്‌ക്കം സ്ഥാപിക്കും. ഇതിന്‌ റോഡ്‌ സുരക്ഷാ ഫണ്ടില്‍ നിന്നുള്ള തുക ചെലവഴിക്കും.
പരമാവധി ട്രാഫിക്‌ പൊലീസുകാരെ നഗരത്തില്‍ വിന്യസിക്കും. അനധികൃത പാര്‍ക്കിങുകള്‍ക്കും സമാന്തര സര്‍വീസുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജസീല ജങ്ക്‌ഷനില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥലം ഉടമകളുമായി കലക്‌ടര്‍ ചര്‍ച്ച നടത്തും.

ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ബസുടമകള്‍, ബസ്‌- ഓട്ടോ തൊഴിലാളികള്‍, വ്യാപാരി- വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവരുമായി ഒറ്റക്കും കൂട്ടായും ആറ്‌ മണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമാണ്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ തീരുമാനം പ്രഖ്യാപിച്ചത്‌. ഉച്ചയ്‌ക്ക്‌ മൂന്നിന്‌ തുടങ്ങിയ ചര്‍ച്ചകളും യോഗങ്ങളും രാത്രി 8.45 വരെ നീണ്ടു. എം. ഉമ്മര്‍ എം.എല്‍.എ., മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, എ.ഡി.എം. കെ. രാധാകൃഷ്‌ണന്‍, തിരൂര്‍ ആര്‍.ഡി.ഒ. ജെ.ഒ. അരുണ്‍, പൊതുമരാമത്ത്‌ നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ കെ. മുഹമ്മദ്‌ ഇസ്‌മായില്‍, ഡി.വൈ.എസ്‌.പി. എ.ഷറഫുദ്ദീന്‍, ഡെപ്യൂട്ടി കലക്‌ടര്‍ സെയ്‌ത്‌ അലി, മഞ്ചേരി തഹസില്‍ദാര്‍ മോഹനന്‍, സി.ഐ. സണ്ണി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.