മഞ്ചേരിയില്‍ ഒക്‌ടോബര്‍ ഒന്ന്‌ മുതല്‍ ട്രാഫിക്‌ പരിഷ്‌കാരം

imagesമഞ്ചേരി: മഞ്ചേരി നഗരത്തില്‍ ഒക്‌ടോബര്‍ ഒന്ന്‌ മുതല്‍ ട്രാഫിക്‌ പരിഷ്‌കാരം നടപ്പാക്കാന്‍ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക്‌ റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതനുസരിച്ച്‌ നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ്‌, അരീക്കോട്‌ ഭാഗത്ത്‌ നിന്നുള്ള കോഴിക്കോട്ടേക്ക്‌ പോകുന്നതൊഴികെയുള്ള എല്ലാ ബസുകളും ജസീല ജങ്ക്‌ഷനില്‍ നിന്ന്‌ നേരെ പോയി സെന്‍ട്രല്‍ ജങ്ക്‌ഷനില്‍ ആളെ ഇറക്കി മെഡിക്കല്‍ കോളെജ്‌ വഴി കച്ചേരിപ്പടി ബസ്‌ സ്റ്റാന്‍ഡില്‍ പ്രവേശിച്ച്‌ അവിടെ നിന്ന്‌ ഓപ്പറേറ്റ്‌ ചെയ്യണം. തുറക്കല്‍- ജസീല ജങ്ക്‌ഷനുകള്‍ വഴിയാണ്‌ ഈ ബസുകള്‍ തിരിച്ചുപോകേണ്ടത്‌.
ഈ സ്ഥലങ്ങളില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോകുന്ന ബസുകള്‍ ജസീല ജങ്ക്‌ഷനില്‍ നിന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ സീതിഹാജി ബസ്‌ സ്റ്റാന്‍ഡില്‍ പ്രവേശിച്ച്‌ അവിടെ നിന്ന്‌ ഓപ്പ്‌റേറ്റ്‌ ചെയ്യണം. ഇതേവഴിയിലൂടെ തന്നെയാണ്‌ ഈ ബസുകള്‍ തിരിച്ചുപോകേണ്ടത്‌. മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ നിലവിലുള്ളത്‌ പോലെ സീതി ഹാജി ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ ഓപ്പറേറ്റ്‌ ചെയ്യണം. പന്തല്ലൂര്‍, വേട്ടേക്കോട്‌, പൂക്കോട്ടൂര്‍, പെരിമ്പലം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ഹ്രസ്വദൂര മിനി ബസുകള്‍ സീതി ഹാജി ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ പഴയ ബസ്‌ സ്റ്റാന്‍ഡില്‍ കയറിയിറങ്ങി കച്ചേരിപ്പടി ബസ്‌ സ്റ്റാന്‍ഡ്‌ വഴി സര്‍വീസ്‌ നടത്തണം.