ഭൗതിക സൗകര്യങ്ങളില്ലാത്ത സ്‌കൂളുകള്‍ക്ക്‌ ഫിറ്റ്‌നസ്‌ നല്‍കില്ല- മന്ത്രി അബ്‌ദുറബ്ബ്‌

abdu rubbമലപ്പുറം: സ്‌ത്രീസൗഹൃദ ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും ഉള്‍പ്പെടെ അടിസ്ഥാന- ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാത്ത സ്‌കൂളുകള്‍ക്ക്‌ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫിറ്റ്‌നസ്‌ നല്‍കില്ലെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ പറഞ്ഞു. ഇക്കാര്യം സമയബന്ധിതമായി പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കേണ്ടത്‌ ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ബാധ്യതയാണ്‌. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂള്‍ പരിശോധനാ കാര്യത്തില്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പരുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള വിദ്യാഭ്യാസ ശില്‌പശാലയുടെ സംസ്ഥാനതല ശില്‌പശാല ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്തുകള്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ക്ക്‌ മുന്‍ഗണന നല്‍കണമെന്ന്‌ മന്ത്രി പറഞ്ഞു. അടുത്ത കാലത്ത്‌ സര്‍ക്കാര്‍ സ്‌കൂളുകളുടെ വിദ്യാഭ്യാസ- ഭൗതിക നിലവാരം ഉന്നത നിലവാരത്തിലെത്തിലെത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൊഴിഞ്ഞുപോക്കിനു പകരം വിദ്യാര്‍ഥികളുടെ തിരിച്ചുവരവ്‌ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ. അധ്യക്ഷനായി. എസ്‌.എസ്‌.എ. ക്ലീന്‍ സ്‌കൂള്‍ പ്രോജക്‌ടിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ മൂന്ന്‌ സ്‌കൂളുകള്‍ക്ക്‌ മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി.എച്ച്‌ ജമീല, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, ഹാജറുമ്മ, അനിതാ കിഷോര്‍, ഡയറ്റ്‌ പ്രിന്‍സിപ്പല്‍ പി.കെ. അബ്‌ദുല്‍ ഗഫൂര്‍, എസ്‌.എസ്‌.എ. എക്‌സിക്യൂട്ടീവ്‌ അംഗം എ.കെ. സൈനുദ്ദീന്‍, ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ സി.കെ.എ. റസാഖ്‌, എസ്‌.എസ്‌.എ. സ്റ്റേറ്റ്‌ പ്രോഗ്രാം ഓഫീസര്‍ അബ്‌ദുല്ല വാവൂര്‍, ജില്ലാ പ്രോജക്‌ട്‌ ഓഫീസര്‍ ടി. മുജീബ്‌ റഹ്‌മാന്‍, മലപ്പുറം ഡി.ഇ.ഒ. ആര്‍. മാധവിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.