ഭിന്നശേഷിയുള്ളവരുടെ ഉത്‌പന്നങ്ങള്‍ സ്‌കൂളുകളിലേയ്‌ക്ക്‌

JanShikhshan (1)മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ഉത്‌പന്നങ്ങള്‍ ജില്ലയിലെ വിവിധ സ്‌കൂളുകള്‍ ഉപയോഗിക്കും. കേന്ദ്ര മാനവ വിഭവശേഷി വികസനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ നടപ്പാക്കുന്ന ‘സ്‌പര്‍ശം’ തൊഴില്‍ പരിശീലനം ലഭിച്ചവര്‍ നിര്‍മിച്ച ചോക്ക്‌, തുണിബാഗ്‌, പാഴ്‌വസ്‌തുക്കള്‍, ഉപയോഗിച്ച ഉത്‌പന്നങ്ങള്‍ എന്നിവയാണ്‌ വിവിധ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉപയോഗിക്കുക.

ജില്ലാ ഭരണകാര്യാലയത്തിന്റെ സഹകരണത്തോടെ ഓരോരുത്തരുടെയും കഴിവിനനുസൃതമായാണ്‌ പരിശീലനം നല്‍കുന്നത്‌. ആരോഗ്യ വകുപ്പിലെ പകല്‍ വീട്ടിലെ ഗുണഭോക്താക്കള്‍ തയ്യാറാക്കിയ ചോക്ക്‌ ഏറ്റുവാങ്ങുന്നതിന്‌ 25 വിദ്യാലയങ്ങള്‍ ധാരണയായിട്ടുണ്ട്‌. 20 ഓളം ഗുണഭോക്താക്കളാണ്‌ നിലവില്‍ ചോക്ക്‌ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.
പദ്ധതിയിലൂടെ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക്‌ പണം സമ്പാദിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്‌. നേരത്തെ ഇവര്‍ നിര്‍മിച്ച ഫയല്‍ പാഡുകള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഉപയോഗിച്ചു വരുന്നുണ്ട്‌.
വിദ്യാര്‍ഥികള്‍ നിര്‍മിച്ച ചോക്ക്‌ എരഞ്ഞിമങ്ങാട്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ രമാ ദേവിക്ക്‌ നല്‍കി പി.വി. അബ്‌ദുള്‍ വഹാബ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു. ഡോ. എം. ഉസ്‌മാന്‍, സി.എച്ച്‌ ഇഖ്‌ബാല്‍, പി.വി. അലി മുബാറക്‌, പി.എം. ഉസ്‌മാനലി, സറീന, ജെ.എസ്‌.എസ്‌ ഡയറക്‌ടര്‍ വി. ഉമ്മര്‍ കോയ, പി. വിദ്യ, സി.എം. സൗജത്ത്‌ എന്നിവര്‍ സംസാരിച്ചു.