ഭിന്നലൈംഗികതയുള്ളവരുടെ അവകാശങ്ങളെക്കുറിച്ച്‌ സമൂഹത്തില്‍ ബോധവല്‍ക്കരണം ആവശ്യം

University-International Womens Day-1തേഞ്ഞിപ്പലം: സ്‌ത്രീകളെയും പുരുഷന്‍മാരെയും പോലെ ഭിന്നലിംഗക്കാര്‍ക്കും പ്രണയിക്കാനും ഒരുമിച്ച്‌ ജീവിക്കാനും സാമൂഹ്യസമത്വത്തിനും സഞ്ചരിക്കുന്നതിനും മാന്യമായ തൊഴില്‍ ചെയ്‌ത്‌ ജീവിക്കുന്നതിനും നിയമപരമായ അവകാശം ഉണ്ടാവേണ്ടതുണ്ടെന്ന്‌ എല്‍.ജി.ബി.ടി (Lesbian, Gay, Bisexual and Transgender) ആക്‌ടിവിസ്റ്റ്‌ ശീതള്‍ശ്യാം അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി �ട്രാന്‍സെന്റിംഗ്‌ ജെന്‍ഡര്‍, ട്രാന്‍സെന്റിംഗ്‌ ലൈവ്‌സ്‌� എന്ന വിഷയത്തില്‍ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഭിന്നലൈംഗികതയുമായി ജീവിക്കുന്ന കുട്ടികളുടെ വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ലൈംഗികത എന്നതിനെക്കുറിച്ച്‌ ശാസ്‌ത്രീയമായ അവബോധം ഇല്ലാത്തത്‌ ഇത്തരം വ്യക്തികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. വീടുകളില്‍ നിന്ന്‌ പുറത്താക്കപ്പെടുന്ന അവസ്ഥപോലുമുണ്ട്‌. ആഗ്രഹവും ബുദ്ധിശക്തിയും ഉണ്ടായിട്ടും പഠിക്കാന്‍ സാഹചര്യം ലഭിക്കുന്നില്ല, അതിനാല്‍ തന്നെ ഭേദപ്പെട്ട കരിയറില്‍ എത്തിപ്പെടാനും സാധ്യമാവുന്നില്ല. ഇതിന്റെ അനന്തരഫലമായാണ്‌ ഭിക്ഷയെടുത്തും ലൈംഗികവൃത്തി നടത്തിയും ഇവരില്‍ ചിലര്‍ ജീവിക്കേണ്ടിവരുന്നത്‌. ആരാധനാലയത്തില്‍ നിന്ന്‌ ഒഴിവാക്കപ്പെടുന്ന അവസ്ഥപോലും താന്‍ അനുഭവിച്ചുണ്ടെന്ന്‌ ശീതള്‍ശ്യാം പറഞ്ഞു. ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നതിനാല്‍ സ്വത്വം മറച്ചുവെച്ച്‌ ജീവിക്കുന്ന ഭിന്നലൈംഗികതയുള്ള വ്യക്തികള്‍ കേരളത്തില്‍ ധാരാളമുണ്ടെന്ന്‌ അവര്‍ പറഞ്ഞു.
കേരളത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന്‌ പ്രധാനപ്പെട്ട ഒരു കാരണം ഭിന്നലൈംഗികതയാണെന്ന്‌, കേരള ഗവണ്‍മെന്റിന്റെ ട്രാന്‍സ്‌ജെന്റര്‍ നയരൂപികരണങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അനില്‍ പറഞ്ഞു. മറ്റ്‌ കുട്ടികളുടെ പരിഹാസങ്ങളും മറ്റുവിധത്തിലുള്ള ശല്യം ചെയ്യലും ഇത്തരം കുട്ടികളെ പഠനം തുടരുന്നതില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ സമൂഹത്തില്‍ കൂടുതല്‍ അവബോധം ആവശ്യമാണ്‌. കേരള ഗവണ്‍മെന്റിന്‌ വേണ്ടി സംസ്ഥാനത്ത്‌ നടത്തിയ സര്‍വേയില്‍ നാലായിരത്തോളം വ്യക്തികളാണ്‌ ഭിന്നലൈംഗികതയുള്ളവരായി കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഷാഹിന കെ.റഫീഖ്‌, മിനി സുകുമാര്‍, ഡോ.മോളി കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകലാശാലയുടെ വനിതാ പഠനവകുപ്പിന്റെ ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.
മാര്‍ച്ച്‌ ഒമ്പതിന്‌ പഠനവകുപ്പില്‍ സിനിമാ പ്രദര്‍ശനം നടത്തും. പത്താം തിയതി കാലത്ത്‌ പത്ത്‌ മണിക്ക്‌ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ വെച്ച്‌ അഫിലിയേറ്റഡ്‌ കോളേജുകളിലെ വനിതാ വികസന സെല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കായി ഏകദിന ശില്‍പശാലയും നടത്തും. അഫിലിയേറ്റഡ്‌ കോളേജുകളിലെ വനിതാ വികസന സെല്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ലിംഗസമത്വ സൗഹൃദാന്തരീക്ഷം കാമ്പസുകളില്‍ സജീവമാക്കുക തുടങ്ങിയവയാണ്‌ ശില്‍പശാലയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല വനിതാ വികസന സെല്ലിനുള്ള പുരസ്‌കാരവും ശില്‍പശാലയില്‍ വെച്ച്‌ വിതരണം ചെയ്യുമെന്ന്‌ വനിതാ പഠനവിഭാഗം മേധാവി മിനി സുകുമാര്‍ അറിയിച്ചു.