ഭാഗ്യവതിയായ അമ്മയെയും ആരോഗ്യമുള്ള കുഞ്ഞിനെയും കണ്ടെത്താന്‍ മത്സരം നടത്തി

മലപ്പുറം: ഭാഗ്യമുള്ള അമ്മയെയും ആരോഗ്യമുള്ള കുഞ്ഞിനെയും കണ്ടെത്താന്‍ അമ്മമാരുടെ തിക്കും തിരക്കും. കേന്ദ്ര ഫീല്‍ഡ്‌ പബ്ലിസിറ്റി ഡയറക്‌ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ ഇന്ദ്രധനുഷ്‌- 2010 ന്റെ ഭാഗമായി എടവണ്ണ പഞ്ചായത്ത്‌ കമ്യൂനിറ്റി ഹാളില്‍ നടന്നുവരുന്ന ത്രിദിന ഊര്‍ജിത ആരോഗ്യ ബോധവത്‌ക്കരണ യജ്ഞത്തോടനുബന്ധിച്ചാണ്‌ ‘ഭാഗ്യവതിയായ അമ്മയും ആരോഗ്യമുള്ള കുഞ്ഞും’ മത്സരം നടത്തിയത്‌. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 500 ഓളം അമ്മമാരും കുട്ടികളും പങ്കെടുത്തു. ആറ്‌ ഡോക്‌ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചു.
നറുക്കെടുപ്പിലൂടെയാണ്‌ ഭാഗ്യവതിയായ അമ്മയെ കണ്ടെത്തിയത്‌. അഞ്ച്‌ അമ്മമാരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. എടവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ഷര്‍മിള, വൈസ്‌ പ്രസിഡന്റ്‌ റസിയ ബഷീര്‍, ഫീല്‍ഡ്‌ പബ്ലിസിറ്റി എറണാകുളം അസി. ഡയറക്‌ടര്‍ കെ.എ. ബീന, മലപ്പുറം ഫീല്‍ഡ്‌ പബ്ലിസിറ്റി അസിസ്റ്റന്റ്‌ സി. ഉദയകുമാര്‍, എടവണ്ണ പി.എച്ച്‌.സി.യിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എടവണ്ണ ഗ്രാമപഞ്ചായത്ത്‌, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, ജില്ലാ ആരോഗ്യ വിഭാഗം, അരീക്കോട്‌ ഐ.സി.ഡി.എസ്‌. പ്രോജക്‌ട്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി നടത്തുന്നത്‌. ഇന്‍ഫര്‍മേഷന്‍- പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ചിത്രപ്രദര്‍ശനം കാണാന്‍ വന്‍ തിരക്കായിരുന്നു.
പരിപാടി ഇന്ന്‌ (സെപ്‌റ്റംബര്‍ 17) സമാപിക്കും. 18 നും 23 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കായി ആരോഗ്യ- കുടുംബ ജീവിത വിദ്യാഭ്യാസം വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും ഇന്ന്‌ നടക്കും. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ പി.കെ. ജല്‍സീമിയ, ഫീല്‍ഡ്‌ പബ്ലിസിറ്റി കേരള- ലക്ഷദ്വീപ്‌ റീജനല്‍ ഡയറക്‌ടര്‍ എസ്‌. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.