ബ്ലേഡ് മാഫിയ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടക്കിയെന്ന് ഭാര്യമാര്‍

കൊണ്ടോട്ടി: ബ്ലേഡ് മാഫിയ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുകയും മര്‍ദിക്കുകയും ചെയ്തന്ന് ഭാര്യമാരുടെ പരാതി. കൊണ്ടോട്ടിയിലെ കിഴിശേരി മലയില്‍ അലവികുട്ടിയുടെ ഭാര്യമാരായ പി. സുലൈഖ, പി. സഫിയ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോളോബ്രിക്ക് കച്ചവടക്കാരനായ അലവിക്കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ രണ്ടുപേര്‍ മര്‍ദിച്ചുവെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തങ്ങളുടെ ഭര്‍ത്താവിനെ മര്‍ദിച്ച ശേഷം പോലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. സ്റ്റേഷനിലെത്തിയ തങ്ങളെ ഭര്‍ത്താവിനെ കാണാന്‍ പോലീസ് അനുവദിച്ചി്‌ലലെന്നും ഇവര്‍ പറഞ്ഞു. പീന്നീട് കോടതിയിലെത്തിയപ്പോഴാണ് ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് മനസിലായത്. എന്നാല്‍ ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെ തങ്ങള്‍ക്ക് അറിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.