ബോള്‍ഗാട്ടിയുമായുമായി മുന്നോട്ട് ; യൂസഫലി

By സ്വന്തം ലേഖകന്‍|Story dated:Saturday June 8th, 2013,09 51:am

തിരു:ബോള്‍ഗാട്ടിയുമായുമായി മുന്നോട്ട് പോകുമെന്ന് എം എ യൂസഫലി. ബോള്‍ഗാട്ടി തന്റെ സ്വപ്ന പദ്ധതിയാണെന്നും അന്താരാഷ്ട്ര മികവുള്ള പദ്ധതിയാണ് ബോള്‍ഗാട്ടിയെന്നും യൂസഫലി പറഞ്ഞു. താന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനല്ലെന്നും കാശുണ്ടാക്കാന്‍ വേണ്ടിയല്ല ഈ പദ്ധതി ഏറ്റെടുത്തതെന്നും സംസ്ഥാനത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.

ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് വരെ നടത്താന്‍ കഴിയുന്ന വിധത്തിലാണ് ബോള്‍ഗാട്ടി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും കൂടാതെ സാര്‍ക്ക് സമ്മേളനം സംഘടിപ്പിക്കാന്‍ കഴിയുന്ന തരത്തിലാാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നും ഒരേ സമയം 5 രാഷ്ട്രതലവന്‍മാര്‍ക്ക് വരെ താമസിക്കാന്‍ സൗകര്യമുണ്ടാവുമെന്നും യൂസഫലി വ്യക്തമാക്കി.

സര്‍വ്വീസ് അപ്പാര്‍ട്ട്‌മെന്റ് എന്നത് ഹോട്ടലിന്റെ വിശാല രൂപമാണെന്നും 4000 മുതല്‍ 6000 പേര്‍ക്ക് വരെ ഇവിടെ ജോലി ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. ഇടപ്പള്ളിതോട് കൈയ്യേറിയിട്ടുല്ലെന്നും കൈയ്യേറി എന്ന് പറയുന്നവര്‍ക്ക് നിയമപരമായി നേരിടാമെന്നും യൂസഫലി പറഞ്ഞു. നേരത്തെ ബോള്‍ഗാട്ടി പദ്ധതി വിവാദമായതോടെ ഇതില്‍ നിന്ന് പിന്‍മാറുകയാണെന്ന് യൂസഫലി വെളിപ്പെടുത്തിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബ് നടത്തുന്ന കേരള വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.