ബോംബ് സ്‌ഫോടനം; ഇന്ത്യയെ കരുവാക്കാന്‍ ഇസ്രായേല്‍ നീക്കം.

ജറുസലേം: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസി വാഹനത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ കരുവാക്കാന്‍ ഇസ്രയേല്‍ നീക്കം. ഡല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ദുരൂഹമായി തുടരുമ്പോഴും ഇസ്രയേല്‍ ധൃതിപിടിച്ച നീക്കങ്ങള്‍ നടത്തുകയാണ്. ഇന്ത്യയില്‍ ഭീകരഘടകങ്ങള്‍ സജീവമാണെന്നും ഇന്ത്യയും ഇസ്രയേലും തമ്മില്‍ ഭീകരവിരുദ്ധ സഹകരണം ശക്തമാക്കാന്‍ ഡല്‍ഹി സ്‌ഫോടനം പ്രേരകമാകണമെന്നും ഇസ്രയേലിഊര്‍ജ്ജ ജലവിഭവ മന്ത്രിയായ ലെന്‍ഡൗ പറഞ്ഞു.

ലെന്‍ഡൗ അടുത്തയാഴ്ച്ച ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അടുത്തിടെ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കാന്തികബോംബ് സാങ്കേതികത തന്നെയാണ് ഡല്‍ഹിയിലും ആവര്‍ത്തിച്ചത് എന്നത് ഇസ്രയേലി ചാരസംഘടനയായ മൊസാദിനെ കുറിച്ചുള്ള സംശയങ്ങള്‍ വളര്‍ത്തുന്നുണ്ട്.

മൊസാദിന്റെ പരിശീലനം ലഭിക്കുന്ന ഇറാനിയന്‍ വിമത സംഘത്തില്‍പ്പെട്ടവരാണ് ഇറാന്റെ ആണവശാസ്ത്രജ്ഞരെ വധിച്ചതിനു പിന്നിലെന്ന സൂചനകള്‍ അമേരിക്കയ്്ക്കും ലഭിച്ചിരുന്നു. സ്‌ഫോടനങ്ങള്‍ അന്വേഷിച്ച് വസ്തുത പുറത്തു കൊണ്ടുവരണമെന്നാണ് ഇറാന്റെ നിലപാട്.