ബൈക്ക് യാത്രക്കാരന് എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റു.

തിരൂര്‍: റോഡിലൂടെ ബൈക്കോടിച്ച് പോവുകയായിരുന്ന യുവാവിന് എയര്‍ഗണ്‍ പരിശീലനത്തിനിടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ മുത്തൂര്‍ സ്വദേശി സിപി അഷറഫ്(31)നാണ് ബുധനാഴ്ച രാവിലെ ഏഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപത്തുവെച്ച് വെടിയേറ്റത്.

റോഡരികിലെ കടയുടെ മുന്നില്‍ നിന്ന് കൊക്കുകളെ വെടിവെക്കാന്‍ പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മുത്തൂര്‍ സ്വദേശിയായ കെ പി മൊയ്തുവിന്റെ കൈയില്‍ നിന്ന് വെടിപൊട്ടുകയായിരുന്നു. അഷറഫിന്റെ വയറ്റിലാണ് വെടിയുണ്ട തുളച്ചുകയറിയത്. വെടിയേറ്റ് റോഡില്‍ വീണ അഷറഫിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കോട്ടക്കലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഷറഫിന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.