ബുര്‍ജീല്‍ ആശുപത്രിയുടെ കരാര്‍ ഒപ്പുവെച്ചു

ദോഹ: അല്‍ ഖോറില്‍ സ്ഥാപിക്കുന്ന ബുര്‍ജീല്‍ ആശുപത്രിയുടെ കരാര്‍ ശൈഖ് അബ്ദുല്ല അഹമ്മദ് ജെ ആല്‍ താനിയും വി പി എസ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശംശീര്‍ വയലിലും ഒപ്പുവെച്ചു. ലോകോത്തര സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സര്‍വീസുകളാണ് ബുര്‍ജീല്‍ ആശുപത്രി ഖത്തറിന് സമ്മാനിക്കുക.

ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരെയാണ് ബുര്‍ജീല്‍ ആശുപത്രിയില്‍ നിയമിക്കുകയെന്ന് അധികൃതര്‍  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബൂദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുര്‍ജീല്‍ ആശുപത്രിക്ക് ദുബൈ, മസ്‌ക്കത്ത് എന്നിവിടങ്ങളിലും ശാഖകളുണ്ട്.

ഒരു മാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ആശുപത്രി 2018ല്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20,000 ചതുരശ്ര മീറ്ററിലാണ് ആശുപത്രി സ്ഥാപിക്കുക.  രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ചികിത്സയ്ക്കായി ആശ്രയിക്കാവുന്ന സപ്തനക്ഷത്ര ബുര്‍ജീല്‍ ആശുപത്രി രോഗികളായല്ല അതിഥികളായാണ് പരിഗണിക്കുക.

ബുര്‍ജീല്‍ ആശുപത്രി ഖത്തറില്‍ സ്ഥാപിക്കുന്നതോടെ സ്ഥാപനത്തിന്റെ പ്രധാനപ്പെട്ട നാഴികക്കല്ലാണ് സ്ഥാപിക്കപ്പെടുന്നതെന്ന് ഡോ. ശംശീര്‍ വയലില്‍ പറഞ്ഞു.

കരാര്‍ ഒപ്പിടല്‍ ചടങ്ങിലും പത്രസമ്മേളനത്തിലും ബുര്‍ജീല്‍ ആശുപത്രി സി ഇ ഒ ക്ലാന്‍സി പോ, എന്‍ജിനിയര്‍ മിസ്ബാഹ് അല്‍ ദാന എന്നിവരും പങ്കെടുത്തു.

Related Articles