ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നിലവില്‍ വന്നു

പാറ്റ്‌ന: ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നിലവില്‍ വന്നു. നാല് ദിവസം മുമ്പ് കള്ള്,ചാരായം തുടങ്ങിയവക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത, വിദേശമദ്യത്തിന് സംസ്ഥാനത്ത് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുന്നതായി നിതീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ തീരുമാനത്തോടെ സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന ലക്ഷ്യം കൈവരിക്കുന്ന നാലാമത്തെ സംസ്ഥാനമായി ബീഹാര്‍.

ഗുജറാത്ത്.കേരളം,നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ബീഹാറിന് പുറമെ മദ്യനിരോധനം നടപ്പിലാക്കിവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഏകദേശം 4000 കോടി രൂപയാണ് ബീഹാറിന് നികുതി ഇനത്തില്‍ മദ്യ വില്‍പനയിലൂടെ കഴിഞ്ഞ വര്‍ഷം ലഭിച്ചത്. മദ്യത്തിന്റെ ഉപഭോഗം കുറക്കുന്നതിന് വേണ്ടിയുള്ള
എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

മദ്യം കാരണം ഏറ്റവും അധികം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. കുടുംബങ്ങളിലെ സമാധാനാന്തരീക്ഷം മദ്യം നിമിത്തം തകരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ ഇത് ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. കുടുംബങ്ങളുടെ സന്തോഷത്തിനും സ്ത്രീകളുടെ സുരക്ഷിതത്വത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്നത്. നിതീഷ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം മദ്യനിരോധനത്തിന്റെ ആദ്യഘട്ടമെന്നോണം സംസ്ഥാന നിയമസഭയിലെ അംഗങ്ങളെല്ലാം തന്നെ മദ്യം ഉപയോഗിക്കില്ലെന്ന പ്രതിജ്ഞയെടുത്തിരുന്നു.