ബീഫില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ഹരിയാനയിലേക്ക്‌ വരേണ്ട;ആരോഗ്യമന്ത്രി അനില്‍വിജ്‌

Story dated:Wednesday February 10th, 2016,12 58:pm

anil-vijഅംബാല: ബീഫ്‌ കഴിക്കാതെ ജീവിക്കാന്‍ കഴിയില്ലെന്ന്‌ കരുതുന്നവരാരും തന്നെ ഹരിയാനയിലേക്ക്‌ വരേണ്ടതില്ലെന്ന്‌ ഹരിയാന ആരോഗ്യമന്ത്രി അനില്‍വിജ്‌. ഭക്ഷണ രീതി ഇഷ്ടപ്പെടാത്തതിനാല്‍ നമ്മള്‍ ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കാറില്ല. ഇതും അതുപോലെ കണ്ടാല്‍ മതിയെന്നും അനില്‍വിജ്‌ പറഞ്ഞു. സംസ്ഥാനത്തെത്തുന്ന വിദേശികള്‍ക്ക്‌ ബീഫ്‌ നിരോധനത്തില്‍ ഇളവ്‌ വരുത്തുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

വിദേശികള്‍ക്ക്‌ ബീഫ്‌ കഴിക്കാനായി പ്രത്യേക ലൈസന്‍സ്‌ അനുവദിക്കണമെന്നുള്ള വാര്‍ത്തകള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കഴിഞ്ഞ ദിവസം തന്നെ നിഷേധിച്ചിരുന്നു വെന്നും വിജ്‌ പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കുമെന്ന്‌ വിജ്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഓണ്‍ലൈന്‍ വോട്ടെടുപ്പും അദേഹം നടത്തിയിരുന്നു.

ഹരിയാനയില്‍ ബീഫ്‌ കഴിക്കുന്നതിനും വില്‍പ്പന നടത്തുന്നതും കുറ്റകരമാക്കി സര്‍ക്കാര്‍ നേരത്തെ നിയമം പാസാക്കിയിരുന്നു. കുറ്റക്കാര്‍ക്ക്‌ 10 വര്‍ഷം വരെ ശിക്ഷയാണ്‌ നിയമം അനുശാസിക്കുന്നത്‌. 2015 ല്‍ നിയമത്തിന്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി അനുമതി നല്‍കിയിരുന്നു.