ബിന്ദു കൃഷ്‌ണയെയും ലതിക സുഭാഷിനെയും തോട്ടം തൊഴിലാളികള്‍ സമരവേദിയില്‍ നിന്നും ഇറക്കിവിട്ടു

Bindukrishna1മൂന്നാര്‍: മഹിള കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ബിന്ദു കൃഷ്‌ണയെയും ലതിക സുഭാഷിനെയും ജില്ലാ പഞ്ചായത്തംഗം ഇന്ദു മോഹനെയും തോട്ടം തൊഴിലാളികള്‍ സമരവേദിയില്‍ നിന്നും ഇറക്കിവിട്ടു. സമരക്കാരെ സന്ദര്‍ശിച്ച്‌ പിന്തുണ അറിയിക്കാനെത്തിയതാതിരുന്നു മഹിള കോണ്‍ഗ്രസ്‌ നേതാക്കള്‍.

തൊഴിലാളികളുമായി സംസാരിക്കാതെ നേരിട്ട്‌ സമരക്കാര്‍ക്കിടയിലേക്ക്‌ കയറിയിരുന്ന ബിന്ദു കൃഷ്‌ണയെയും ലതികാ സുഭാഷിനെയും തിരിച്ചറിഞ്ഞ തൊഴിലാളികള്‍ അവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‌ ലതികാ സുഭാഷ്‌ മാറാന്‍ തയ്യാറായി. എന്നാല്‍ ബിന്ദു കൃഷ്‌ണ സമരക്കാര്‍ക്കിടയില്‍ പോലീസ്‌ സംരക്ഷണയോടെ ഇരിക്കാന്‍ ശ്രമിച്ചത്‌ പ്രതിഷേധം ശക്തമാകുന്നതിലേക്ക്‌ എത്തുകയും ഇറക്കിവിടലിലേക്ക്‌ എത്തുകയുമായിരുന്നു.

തങ്ങളെ വഞ്ചിച്ച രാഷ്ട്രീയ നേതൃത്വത്തില്‍ ഞങ്ങള്‍ക്ക്‌ വിശ്വാസമില്ലെന്നും അവര്‍ ഞങ്ങള്‍ക്കിടയിലേക്ക്‌ വരേണ്ടെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പി കെ ശ്രീമതി ടീച്ചര്‍ക്കെതിരെയും കെ.കെ ഷൈലജ ടീച്ചര്‍ക്കെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു. ദേവികുളം എംഎല്‍എ എസ്‌.രാജേന്ദ്രനെതിരെയും സമരസമിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയും ചെയ്‌തിരുന്നു.