ബാവുട്ടിയായി മമ്മുട്ടി… നൂര്‍ജയായി റീമയും

ബാവുട്ടി ഒറ്റയ്ക്കാണ് ജനിച്ചതും.. വളര്‍ന്നതും ..എല്ലാം.. തീര്‍ത്തും ഒറ്റയ്ക്കാണെന്ന് പറയാനാവില്ല. ഒപ്പം യത്തീഖാനയില്‍ വളര്‍ന്ന ഒരു കൂട്ടുകാരനുണ്ട് അലവി.

ബാവുട്ടി ഒരു ഡ്രൈവറാണ്. ഇത്തരത്തിലുള്ള ബാവുട്ടിമാര്‍ മലബാറിലെ ഒരോ ഗ്രാമങ്ങളിലും നമ്മള്‍ അടുത്തറിഞ്ഞവരാണ്. നമ്മോടൊപ്പം ജീവിക്കുന്നവരാണ്. ഇത്തവണ രജ്ഞിത്തിന്റെ തൂലികയില്‍ രൂപം കൊണ്ട ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ ഈ ഏറനാടന്‍ കഥാപാത്രത്തെ ഏറ്റുവാങ്ങിയിരിക്കുന്നത് മമ്മുട്ടിയാണ്.

തികച്ചും ഏറനാടന്‍ ഭാഷ പറയുന്ന ഡ്രൈവറുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മുട്ടിക്ക് പഴയ വക്കീല്‍ ജീവിതകാലം സഹായകമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മുട്ടി മഞ്ചേരിയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.

ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന വ്യവസായായ സേതുമാധവന്റെ വീട്ടിലെ ഡ്രൈവറാണ് ബാവുട്ടി. സേതുമാധവന്റെ വിശ്വസ്തന്‍. സേതുമാധവന്റെ ഭാര്യയായ നീലേശ്വരത്തുകാരി വനജയായാണ് ഒറിജിനല്‍ നീലേശ്വരത്തുകാരിയായ കാവ്യയെത്തുന്നത്. ഈ വീട്ടിലെ കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ എത്തുന്ന ടീച്ചറാണ് നൂര്‍ജഹാന്‍. നൂര്‍ജഹാനായി എത്തുന്നത് റീമ കല്ലുങ്ങലാണ്. ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് റീമ ഈ ചിത്രത്തില്‍. കനിഹയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോടും മഞ്ചേരിയിലും നടന്നു വരികയാണ്. സെറ്റുകളില്‍ രജ്ഞിത്തിന്റെ സജീവ സാനിദ്ധ്യം ദൃശ്യമാണ്.