ബാല്‍ താക്കറയെ വധിക്കാന്‍ ലഷ്‌കര്‍ ഇ തൊയ്‌ബ പദ്ധതിയിട്ടതായി ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍

bal thackerayമുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ മാപ്പുസാക്ഷിയാക്കിയ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ പുതിയ വെളിപ്പെടുത്തല്‍. ശിവസേന തലവന്‍ ബാല്‍ താക്കറെയെ വധിക്കാന്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍. താക്കറെയെ വധിക്കാന്‍ അയച്ചയാളെ പൊലീസ് പിടികൂടിയെങ്കിലും കസ്റ്റഡിയില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടുവെന്നും ഹെഡ്‌ലി കോടതിയില്‍ പറഞ്ഞു. അമേരിക്കയില്‍ തടവില്‍ കഴിയുന്ന ഹെഡ്‌ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിസ്തരിക്കുന്നത്.

ഇന്ത്യയില്‍ ഒരാളെ വധിക്കണമെന്ന് നിര്‍ദ്ദേശം ലഷ്‌കര്‍ ഇ തൊയ്ബ നല്‍കിയിരുന്നു. അത് ശിവസേന നേതാവായിരുന്നു. തനിക്ക് ഈ ദൗത്യത്തെ കുറിച്ച് അത്രമാത്രമേ അറിയാവൂ എന്ന് ഹെഡ്‌ലി പറഞ്ഞു. കൂടുതലൊന്നും തനിക്ക് അറിയില്ല. ദൗത്യത്തിന് അയച്ചയാളെ പൊലീസ് പിടികൂടിയെന്നും ഇയാള്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടുവെന്നും അറിയാമെന്നും ഹെഡ്‌ലി വ്യക്തമാക്കി.

ലഷ്‌കര്‍ ഇ തൊയ്ബ നേതാവായ സാജിദ് മിറിന്റെ നിര്‍ദ്ദേശ പ്രകാരം മുംബൈയിലെത്തി രണ്ട് തവണ ശിവസേന ഭവന്‍ സന്ദര്‍ശിച്ചു. തനിക്ക് പണം നല്‍കിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് പണം നല്‍കിയതായി ഹെഡ്‌ലി മൊഴി നല്‍കി. പാക് ആസ്ഥാനമായുള്ള ഭീകരസംഘടനയ്ക്ക് 70 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നതായി ഹെഡ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു.

2008 നവംബര്‍ 26 ന് നടന്ന ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ഹെഡ്‌ലി.

Related Articles