ബാലവിവാഹങ്ങളിലെ ശാശീരികബന്ധം ബലാത്സംഗമല്ല; കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്ത് നിലനില്‍ക്കുന്ന ബാലവിവാഹങ്ങളിലെ ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബലാത്സംഗത്തിനുള്ള ശിക്ഷാവകുപ്പുകള്‍ നിര്‍ദേശിക്കുന്ന 375-ാം വകുപ്പില്‍ 15 വയസ്സിനു താഴെയല്ലാത്ത ഭാര്യയുമായുള്ള പങ്കാളിയുടെ ശാരീരികബന്ധം ശിക്ഷയില്‍നിന്ന് ഒഴിവാക്കി വ്യവസ്ഥചെയ്തിട്ടുണ്ട്. ഭര്‍ത്താവിനും പ്രായപൂര്‍ത്തിയാകാത്ത ഭാര്യക്കും നിയമപരിരക്ഷ ഉറപ്പാക്കാന്‍ ഈ വ്യവസ്ഥ മാറ്റാനാകില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരിക്കുന്നത്. വിവാഹമെന്ന സമ്പ്രദായത്തെ സംരക്ഷിക്കാന്‍കൂടിയാണ് 375 (2) വ്യവസ്ഥയെന്നും സര്‍ക്കാര്‍ വാദിച്ചു. 375-ാം വകുപ്പിലെതന്നെ മറ്റാരു വ്യവസ്ഥയില്‍ 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോയുള്ള ശാരീരികബന്ധം ബലാത്സംഗം തന്നെയാണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാലവിവാഹങ്ങളിലും ബലാത്സംഗക്കുറ്റം ചുമത്തണമെന്നാണ് ഹര്‍ജിക്കാരായ എന്‍ജിഒ ഇന്ത്യന്‍ തോട്ട്സിന്റെ വാദം.

പതിനെട്ട് വയസ്സാണ് പെണ്‍കുട്ടികള്‍ക്ക് വിവാഹംചെയ്യാനുള്ള ഔദ്യോഗിക പ്രായമെന്നിരിക്കെ, ബാലവിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്ക് 375 (2) അനുസരിച്ചുള്ള പരിരക്ഷ അനുവദിക്കരുത്. വിവാഹിതയാണോ അല്ലയോ എന്നത് കണക്കിലെടുക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായുള്ള ശാരീരികബന്ധം ബലാത്സംഗക്കുറ്റമായി കണക്കാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം, ബാലവിവാഹങ്ങളില്‍ ബലാത്സംഗക്കുറ്റം ചുമത്തുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് 31ന് വീണ്ടും പരിഗണിക്കും.