ബാര്‍ക്കോഴക്കേസ്; വിജിലന്‍സ് പ്രത്യേകകോടതി ഇന്ന് പരിഗണിക്കും

KM-Maniതിരുവനന്തപുരം: മുന്‍ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതി ഇന്ന് പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി പരിഗണിക്കുന്നത്. ബിജു രമേശ് അടക്കമുള്ളവര്‍ തുടരന്വേഷണ റിപ്പോര്‍ട്ടിനെതിരായ ആക്ഷേപം ഇന്ന് ബോധിപ്പിക്കും.

കെഎം മാണി ബാറുടമകളില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുകള്‍ ലഭ്യമല്ലെന്നും ബിജുരമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ആരോപണം ഉന്നയിച്ചതെന്നുമായിരിന്നു എസ് സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ വിഎസ് അടക്കമുള്ളവര്‍ കഴിഞ്ഞ തവണ ആക്ഷേപം സമര്‍പ്പിച്ചിരുന്നു.

ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ വിശദമായ വാദം കേട്ടതാണെന്നും അത് കൊണ്ട് തുടരന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ എതിര്‍കക്ഷികളുടെ വാദം കേള്‍ക്കരുതെന്നും വിജിലന്‍സ് കഴിഞ്ഞതവണ കോടതിയില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി അന്തിമതീരുമാനം എടുക്കണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം.

അതേസമയം റിപ്പോര്‍ട്ടിനെതിരായ ആക്ഷേപങ്ങള്‍ മുഴുവന്‍ ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരിന്നു കോടതിയുടെ നിലപാട്. എതായാലും തുടരന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കോടതി എടുക്കുന്ന തീരുമാനം മാണിക്കും യുഡിഎഫിനും നിര്‍ണ്ണായകമാണ്. കേസ്ഡയറി അടക്കം കേസുമായി ബന്ധപ്പെട്ട് മുഴുവന്‍രേഖകളും കോടതി നേരത്തെ വിളിച്ച് വരുത്തിയിരുന്നു.