ബാഗ്ദാദില്‍ ചാവേറാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 70ലേറെ പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌കന്ദരിയ ഗ്രാമത്തിലെ ഫുട്‌ബോള്‍ മൈതാനത്താണ് സ്‌ഫോടനം നടന്നത്.

ഫുട്ബാള്‍ മത്സരം കഴിഞ്ഞ് ട്രോഫി വിതരണം ചെയ്യുന്നതിനിടെ ജനക്കൂട്ടത്തിന് ഇടയില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റവരില്‍ മിക്കവരുടേയും നില ഗുരുതരമായത് മരണസംഖ്യ ഇനിയും ഉയര്‍ത്താന്‍ കാരണമായേക്കും.
അന്‍ബാര്‍ പ്രവിശ്യയിലെ കുബൈസ നഗരം ഇറാഖി സൈന്യം ഐഎസില്‍ നിന്നും പിടിച്ചെടുത്തതായി സൈന്യം പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് മുന്നോട്ട് വന്നിട്ടുണ്ട്.