ബഹ്‌റൈനില്‍ പ്രവാസി തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനകള്‍ സ്വകാര്യവത്കരിച്ചു

മനാമ: രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തൊഴില്‍ ഉടമകള്‍ക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ സുഗമമാക്കുമെന്ന് ആരോഗ്യമന്ത്രി ഫയിഖ ബിന്‍ത് സഈദ് അല്‍ സലേഹ പറഞ്ഞു.

ഇക്കാര്യത്തില്‍ ലേബര്‍ റഗുലേറ്ററി അതോറിറ്റിയുമായും നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(എന്‍ എച്ച് ആര്‍ എ), ഇന്‍ഫര്‍മേഷന്‍ ആന്റ് ഇലക്ട്രോണിക് ഗവണ്‍മെന്റ് വിഭാഗം എന്നിവയുമായി ആരോഗ്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തി. പ്രവാസി തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധനകള്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്വകാര്യമേഖലയ്ക്ക് കൈമാറും. എന്‍ എച്ച് ആര്‍ എ ലൈസന്‍സുകള്‍ നല്‍കുകയും നിരീക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും.

എന്‍ എച്ച് ആര്‍ എ ലൈസന്‍സിന് കീഴില്‍ നിശ്ചയിച്ചിട്ടുള്ള സേവനങ്ങള്‍, നിശ്ചിത തുകയ്ക്ക് സാധാരണക്കാരില്‍ എത്തിക്കാന്‍ സ്വകാര്യ വിതരണക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.