ബസ്സും ബൈക്കും കൂട്ടിയിടിച്ച് കത്തി ; ബൈക്ക് യാത്രികന്‍ മരിച്ചു

ഫറോക്ക്:കടലുണ്ടി മണ്ണൂര്‍ വളവ് പ്രബോധിനിക്ക് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോട്ടക്കടവ് പ്രബോധിനി ബൈപ്പാസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിനാണ് അപകടം.ഫറോക്ക് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സില്‍ എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടമുണ്ടായത്.

മീഞ്ചന്തയില്‍ നിന്ന് കടലുണ്ടി പേടിയാട്ട് കുന്നില്‍ വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. ബസ്സിലുണ്ടായിരുന്നവരെ ബസ്സ് ജീവനക്കാര്‍ ഉടന്‍ തന്നെ പുറത്തിറക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ബസ്സിനിടിയിലേക്ക് ഇടിച്ച് കയറിയ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് റോഡിലുരഞ്ഞുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിനിടയാക്കിയത്.

മീഞ്ചന്ത ഫയര്‍‌സ്റ്റേഷനില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റാണ് തീയണച്ചത്.