ബലി പെരുന്നാള്‍; തിരക്ക് നിയന്ത്രിക്കാന്‍ ഹമദില്‍ ക്രമീകരണങ്ങള്‍

Hamad-International-Airportദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇന്നുമുതല്‍ ഈ മാസം 30 വരെയാണ് തിരക്ക് പ്രതീക്ഷിക്കുന്നത്. തിരക്കുള്ളതിനാല്‍ മുന്‍കരുതലായി യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് വിമാനത്താവളം അധികൃതര്‍ ആവശ്യപ്പെട്ടു.

വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ അവസാനിപ്പിക്കും. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനവും ഉപയോഗിക്കാവുന്നതാണ്. യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനും എത്തുന്നവര്‍ക്ക് വിമാനത്താവളത്തിലെ ഹ്രസ്വ സമയ പാര്‍ക്കിംഗ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. പെരുന്നാളിനോടനുബന്ധിച്ച് വിമാനത്താവളം ഖത്തറിന്റെ പാരമ്പര്യങ്ങളും സംസ്‌ക്കാരങ്ങളും ചിത്രീകരിക്കുന്ന അലങ്കാരങ്ങളാല്‍ മോടിപിടിപ്പിക്കും. ദോഹയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സമ്മാനങ്ങളും മധുരവും നല്കി സ്വീകരിക്കുമെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.