ബക്രീദ്‌ ദിനത്തില്‍ രക്തദാനം; സര്‍ക്കാരിനെതിരെ മുസ്ലീം സംഘടനകള്‍

Untitled-1 copyജയ്‌പൂര്‍: മുസ്ലീങ്ങളുടെ വിശേഷ ദിവസമായ ബക്രീദിന്‌ രക്തദാനം നല്‍കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുംസ്ലീം സംഘടനകള്‍ രംഗത്ത്‌. ദീന്‍ദയാ ഉപാധ്യായയുടെ ജന്മദിനമായ സപ്‌തംബര്‍ ഇരുപത്തിയഞ്ചിന്‌ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ പ്രൈവറ്റ്‌ കോളേജുകളിലും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നാണ്‌ സര്‍ക്കാറിന്റെ ഉത്തരവ്‌.

ഈ ദിവസം കോളേജുകള്‍ക്കും സ്‌റ്റാഫുകള്‍ക്കും അവധി നല്‍കരുതെന്നും സപ്‌തംബര്‍ 2 ന്‌ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഈ വര്‍ഷത്തെ ബക്രീദ്‌ 24 നോ 25 നോ ആയിരിക്കും എന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ മുംസ്ലീം സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മതവിശ്വാസത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ അന്നേദിവസം തന്നെ രക്തദാനക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌ സര്‍ക്കാര്‍ ഒഴിവാക്കണം. അവധി നല്‍കാതിരിക്കുന്നത്‌ മുസ്ലീം ജനതയോടുള്ള മനുഷ്യാവകാശ ലംഘനമാണ്‌. സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും മുസ്ലീം സംഘടനകള്‍ വ്യക്തമാക്കി.

അതെസമയം സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും പ്രതികരിച്ചു. ബിജെപി സര്‍ക്കാര്‍ അനാവശ്യമായി വര്‍ഗീയ വിവാദങ്ങള്‍ മനപൂര്‍വം സൃഷ്ടിക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി. ദീന്‍ദയ ഉപാധ്യായ സര്‍ക്കാരിന്റെ ഭാഗമായി ഉണ്ടായിരുന്ന ഒരാളല്ല. ബിജെപിക്ക്‌ അദേഹത്തിന്റെ ജന്മദിനം ആഘോഷിക്കണമെങ്കില്‍ പാര്‍ട്ടി തലത്തിലാണ്‌ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും കോണ്‍ഗ്രസ്‌ പറഞ്ഞു.