ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടർമാരുടെ നീണ്ട നിരയാണ് ബൂത്തുകളിൽ കാണുന്നത്. വോട്ടെടുപ്പ് തുടങ്ങി ആദ്യരണ്ടുമണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃണമൂൽ പ്രവർത്തകർ സി.പി.എം ബൂത്ത് ഏജന്‍റുമാരെ ഭീഷണിപ്പെടുത്തിയതാണ് പരാതി. സുരക്ഷയുടെ ഭാഗമായി 53 മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ 650 കമ്പനികളെയാണ് മണ്ഡലങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ 113 കമ്പനി കേന്ദ്രപോലീസിനെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.

മൂന്ന് ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാള്‍ രാഷ്ട്രീയത്തിലെ ഉരുക്കുവനിത മമത ബാനര്‍ജിയുള്‍പ്പെടെ പ്രമുഖര്‍ ജനവിധി തേടുന്നതും ഇന്നാണ്. ഭവാനിപുര്‍ മണ്ഡലത്തില്‍നിന്നാണ് മമത ജനവിധിതേടുന്നത്.

43 സ്ത്രീകളുള്‍പ്പെടെ 349 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തിലുള്ളത്. 24 സൗത് പര്‍ഗാന, കൊല്‍ക്കത്ത സൗത്, ഹൂഗ്ലി ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 14,500 ബൂത്തുകളിലായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് തെരഞ്ഞെടുപ്പ്. 1.2 കോടി പേരാണ് ഇന്ന് ബൂത്തുകളിലെത്തുക.