ബംഗളൂരുവില്‍ രണ്ട്‌ പുലികള്‍കൂടി എത്തിയതായി സ്ഥിരീകരണം; സ്‌കൂള്‍ അടച്ചിട്ടു

Untitled-1 copyബംഗളൂരു: ബംഗളൂരു വീണ്ടും പുലി ഭീതിയില്‍. ഞായറാഴ്‌ച പുലിയെ കണ്ട സ്‌കൂളില്‍ രണ്ടു ദിവസത്തിനുശേഷം വീണ്ടും പുലിയെത്തിയതായി റിപ്പോര്‍ട്ട്‌. ചൊവ്വാഴ്‌ചയാണ്‌ ഇതേ സ്‌കൂളില്‍ വീണ്ടും രണ്ട്‌ പുലികളെ കണ്ടതായി വനം വകുപ്പ്‌ അധികൃതര്‍ വ്യക്തമാക്കിയത്‌.

ഞായറാഴ്‌ച വിബ്‌ജിയര്‍ സ്‌കൂളിലാണ്‌ പുലി വരികയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്‌തത്‌. തുടര്‍ന്നാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടിയത്‌. എന്നാലിപ്പോള്‍ ഇതേ സ്‌കൂളിലാണ്‌ വീണ്ടും പുലിയെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്‌.

ചൊവ്വാഴ്‌ച രാത്രി 9.30 നും പത്തിനും ഇടയിലാണ്‌ പുലിയെ കണ്ടത്‌. രത്രി വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മതിയായ തെരച്ചില്‍ നടത്താന്‍ ബുദ്ധിമുട്ടാണെന്നും പുലിയെ പിടികൂടാന്‍ രാവിലെ തിരച്ചില്‍ ആരംഭിക്കുമെന്നും വനംവകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

പുലിയെ കണ്ടതിനെ തുടര്‍ന്ന്‌ സ്‌കൂളിന്‌ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌. പ്രദേശത്തെ വീടുകളുടെ കതകുകളും ജനലുകളും നന്നായി അടച്ചെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.