ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ 38.22 ലക്ഷം പിടിച്ചെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ വിവിധ നിയമസഭാ മണ്‌ഡലങ്ങളില്‍ നിന്ന്‌ ഏപ്രില്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം ഫ്‌ളയിങ്‌ സ്‌ക്വാഡിന്റെ പരിശോധനയില്‍ 38,22,145 ലക്ഷം രൂപ പിടിച്ചെടുത്തതായി ചെലവ്‌ നോഡല്‍ ഓഫീസര്‍ ഫിനാന്‍സ്‌ ഓഫീസര്‍ ടി. കൃഷ്‌ണന്‍ അറിയിച്ചു. ഇതില്‍നിന്നും 2.97,500 ലക്ഷം മതിയായ കാരണങ്ങളോടെ ബന്ധപ്പെട്ടവര്‍ക്ക്‌ വിട്ടുനല്‍കി. തിരൂരങ്ങാടി മണ്‌ഡലത്തില്‍ നിന്ന്‌ 3.37 ലക്ഷം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. മലപ്പുറം- ഒരു ലക്ഷം, താനൂര്‍- അഞ്ച്‌ ലക്ഷം, വേങ്ങര- 3,73 ലക്ഷം, മഞ്ചേരി- നിന്നും 8,15 ലക്ഷം, തിരൂരങ്ങാടി 5,35 ലക്ഷം എന്നിങ്ങനെയാണ്‌ തുക പിടിച്ചെടുത്തത്‌.

രാഷ്‌ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാഹനങ്ങളില്‍നിന്നോ വ്യക്തികളില്‍ നിന്നോ ഇതുവരെ തുകയൊന്നും പിടിച്ചെടുത്തിട്ടില്ല. സ്വകാര്യ വ്യക്തികളില്‍നിന്നു മാത്രമാണ്‌ തുക പിടിച്ചെടുത്തിട്ടുള്ളത്‌. സ്‌ക്വാഡുകള്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ പിടിച്ചെടുക്കുന്ന പണം സമീപത്തെ ട്രഷറി സ്‌ട്രോങ്‌ റൂമുകളിലാണ്‌ സൂക്ഷിക്കുക. ഇതിനായി തെരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ ജില്ലയിലെ മുഴുവന്‍ സബ്‌ ട്രഷറികളിലും 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്‌. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിനും ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനുമായി ജില്ലയിലെ 16 നിയമസഭാ മണ്‌ഡലങ്ങളിലും ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ നിരീക്ഷണം ശക്തമാണ്‌.

സ്ഥാനാര്‍ഥികളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ്‌ ചെലവു കണക്കുകളുടെ പരിശോധന, പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍, റാലികള്‍ തുടങ്ങിയവയുടെ നിരീക്ഷണം, വിഡിയോ റിക്കോഡിങ്‌ എന്നിവയാണ്‌ പ്രധാനമായും സ്‌ക്വാഡ്‌ നിര്‍വഹിക്കുന്നത്‌. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഭീഷണിപ്പെടുത്തല്‍, മദ്യം, ആയുധങ്ങള്‍, സ്‌ഫോടക വസ്‌തുക്കള്‍ എന്നിവ കൈവശം വെയ്‌ക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയവയും സ്‌ക്വാഡുകള്‍ നിരീക്ഷിക്കുന്നുണ്ട്‌.