ഫ്രീ വിസ; ഖത്തറില്‍ എവിടെയും ജോലി ചെയ്യാനുള്ള അനുമതിയല്ല

ദോഹ: പ്രവാസികള്‍ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിസ സമ്പ്രദായമാണ് ഫ്രീ വിസ. എവിടെ വേണമെങ്കിലും ജോലി ചെയ്യാനുള്ള അനുമതിക്കായുള്ള വിസ എന്നാണു പ്രവാസി ജോലിക്കാര്‍ ഇതു കൊണ്ട് തെറ്റിദ്ധരിക്കുക. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സമ്പ്രദായം നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഏതെങ്കിലും ഇടനിലക്കാർ മുഖേന പണം നൽകി തരപ്പെടുത്തുന്ന വീസയാണിത്. ഇത്തരം വീസയിൽ എത്തിയാൽ തന്നെ വീസ സ്റ്റാംപ് ചെയ്തു കിട്ടാനും വീസ പുതുക്കാനും എക്സിറ്റ് പെർമിറ്റിനുമായി വീണ്ടും ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയമാകേണ്ടി വരും. മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുക വഴി ലഭിക്കേണ്ട വേതനത്തിനും ആനുകൂല്യത്തിനും നിയമപ്രാബല്യമോ സംരക്ഷണയോ ലഭിക്കുകയുമില്ല.

ഒരു വിദേശ ജോലിക്കാരന് ആറു മാസം വരെ ഇമിഗ്രേഷൻ അധികൃതരുടെ അനുവാദത്തോടെ നിയമവിധേയമായി മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യാവുന്നതാണ്. ഈ ആറുമാസ കാലാവധി വീണ്ടും ആറുമാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ സാധിക്കും. തൊഴിലുടമയുടെ സമ്മതത്തോടെ നിയമപരമായി പാർട്‌ടൈം ജോലിയും അനുവദിക്കപ്പെട്ടിട്ടുണ്ട്.

മുൻനിയമത്തിലെന്ന പോലെ പുതിയ നിയമത്തിലും  കരാർ പ്രകാരമുള്ള തൊഴിലുടമയിൽ നിന്ന് ഒഴിഞ്ഞു മാറി മറ്റു തൊഴിലുടമയ്ക്കായി ജോലി ചെയ്യുന്നതു നിരോധിച്ചിട്ടുണ്ട്. പുതിയ നിയമത്തിലെ 23–ാം വകുപ്പു പ്രകാരം തൊഴിലുടമ തന്റെ വീസയിൽ അല്ലാത്ത ഒരാളെ ജോലിക്കായി വയ്ക്കുന്നതും നിയമവിരുദ്ധമാണ്. മൂന്നു വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷിക്കാവുന്ന കുറ്റമാണിത്. തന്റെ കീഴിൽ വന്നിട്ടുള്ള ഒരു ജോലിക്കാരനെ നിയമപ്രകാരമല്ലാതെ മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതും തുല്യശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.